അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് നിലവിലെ പ്രസിഡന്റും ഡെമോക്രാറ്റ് സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. പാർട്ടിയുടെയും രാജ്യത്തിന്റെയും താൽപര്യത്തിന് വേണ്ടി താൻ പിന്മാറുന്നുവെന്ന് 81കാരനായ അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചു. നവംബർ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള പ്രസിഡൻഷ്യൽ സംവാദത്തിലെ മോശം പ്രകടനത്തെതുടർന്ന് പാർട്ടിയിൽനിന്ന് ഉയർന്ന ശക്തമായ സമ്മർദമാണ് പിന്മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെങ്കിലും പാർട്ടിയുടെയും രാജ്യത്തിന്റെയും നന്മക്ക് മത്സരത്തിൽനിന്ന് പിന്മാറി ഇനി ബാക്കിയുള്ള സമയം പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധിക്കുന്നതാണ് നല്ലതെന്ന് താൻ കരുതുന്നതായി അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെയാണ് പകരം സ്ഥാനാർഥിയായി മുതിർന്ന നേതാക്കൾ നിർദേശിച്ചിട്ടുള്ളത്. ബൈഡൻ വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമയും അഭിപ്രായപ്പെട്ടിരുന്നു. നാൻസി പെലോസിയുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ഒബാമ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നത്. നിലവിൽ കോവിഡ് ബാധിച്ച് റെഹോബോത്തിലെ അവധിക്കാല വസതിയില്‍ നിരീക്ഷണത്തിലാണ് ബൈഡൻ. അടുത്തയാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുമായി തിരിച്ചെത്തുമെന്ന് ഐസൊലേഷനിൽ കഴിയുന്ന അദ്ദേഹം അറിയിച്ചിരുന്നു.