നിപ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി
പാണ്ടിക്കാട് : വിദ്യാർഥി നിപ വൈറസ് ബാധിച്ച് മരിച്ച സാഹചര്യത്തിൽ ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ അങ്ങാടികൾ വിജനമായി. പെരിന്തൽമണ്ണ-നിലമ്പൂർ പാതയും അലനല്ലൂർ-മഞ്ചേരി പാതയും സംഗമിക്കുന്ന തിരക്കേറിയ പാണ്ടിക്കാട് ടൗൺ നിയന്ത്രണത്തെ തുടർന്ന് നിശ്ചലമായി. രാവിലെ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.
രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വ്യാപാരസ്ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും തുറക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഞായറാഴ്ചയായതിനാൽ മിക്ക സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. മദ്റസകൾക്കും ട്യൂഷൻ സെൻററുകൾക്കും അവധിയായിരുന്നു. ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ആളുകൾ കൂട്ടംകൂടുന്നതും വിവാഹങ്ങളിലും ആഘോഷങ്ങളിലും 50ലധികം പേർ പങ്കെടുക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. മാസ്ക് ധരിക്കാനും സാനിറ്റൈസർ ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും നിർദേശമുണ്ട്. പനി, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഫോൺ: 04832 783166. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ 10 മുതൽ അഞ്ചു വരെ മാത്രമേ തുറന്ന് പ്രവർത്തിക്കാവൂ. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇരു പഞ്ചായത്തിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. അനൗൺസ്മെൻറ് വാഹനത്തിലൂടെ പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നുമുണ്ട്.