കേരള ഖരമാലിന്യ പരിപാലന പദ്ധതി – ലോക ബാങ്ക് പ്രതിനിധികൾ ആന്തൂർ നഗരസഭ സന്ദർശിച്ചു
ആന്തൂർ:കേരള ഖരമാലിന്യ പരിപാലന പദ്ധതി പ്രകാരം ആന്തൂർ നഗരസഭയിൽ നടത്തിവരുന്ന വിവിധ പ്രവർത്തികളുടെ പരിശോധനയ്ക്കായി ലോകബാങ്ക് ടീം എത്തി. അജൈവ മാലിന്യ സംസ്കരണ കേന്ദ്രം, ജൈവ മാലിന്യ സംസ്കരണ കേന്ദ്രം എന്നിവയുടെ നവീകരണം, ഹരിത കർമ്മ സേനയുടെ സംരംഭകത്വ വികസന പദ്ധതി എന്നിവയാണ് ആന്തൂർ നഗരസഭയിൽ ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കി വരുന്ന പദ്ധതികൾ. കടമ്പേരിയിലെ അജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ മേൽക്കൂര മാറ്റൽ, മുറ്റം ഇന്റർലോക്ക്, ശുചിമുറി നിർമ്മാണം, ചുറ്റുമതിൽ നിർമ്മാണം എന്നീ പ്രവർത്തികളും ജൈവമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ നവീകരണം, ഹരിതകർമ്മസേനയ്ക്ക് അധിക വരുമാനം ലഭ്യമാക്കുന്നത്തിനുള്ള ജൈവവള നിർമ്മാണം,ഇനോകുലം നിർമ്മാണം എന്നിവ നഗരസഭ നടപ്പിലാക്കിയിട്ടുള്ളതാണ്. നഗരസഭയിലെ ജൈവ-അജൈവ മാലിന്യ ശേഖരണ – സംസ്കരണ സംവിധാനങ്ങളും പ്രവർത്തനങ്ങളും മികച്ച രീതിയിലാണ് നടക്കുന്നതെന്നും മറ്റു നഗരസഭകൾക്ക് മാതൃകയാക്കാവുന്നതാണെന്നും സംഘം അഭിപ്രായപ്പെട്ടു. ലോകബാങ്ക് പ്രതിനിധികളായ മൃദുല സി, (സീനിയർ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് ) ദീപ ബാലകൃഷ്ണൻ ( സീനിയർ എൻവിയോൺമെന്റ് സ്പെഷലിസ്റ്റ്) ഗിരീഷ് ശുക്ല എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. അന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് കുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ പി, നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ, ക്ലീൻ സിറ്റി മാനേജർ അജിത്ത് ടി,സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വ ജോസഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അജീർ ടി, ഹരിത കർമ്മ സേന കൺസോഷ്യം സെക്രട്ടറി സുമ ടി വി, ഖരമാലിന്യ പരിപാലന പദ്ധതി എൻജിനീയർ നവീൻ,
ഖരമാലിന്യ പരിപാലന പദ്ധതി ജില്ലാ കോഡിനേറ്റർ സൗമ്യ, സോഷ്യൽ എക്സ്പേർട്ട് അപർണ്ണ എന്നിവർ പരിശോധന സംഘത്തിന് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു