അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: കണ്ണൂരിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
കണ്ണൂർ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കണ്ണൂർ സിറ്റി പോലീസ്, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകിയത്. യുവതലമുറയെയും പൊതുസമൂഹത്തെയും ഒന്നടങ്കം ലഹരിക്കെതിരെ അണിനിരത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് വകുപ്പുകൾ ചേർന്ന് വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.ദിനാചരണത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ഗ്രൗണ്ടിൽ നിന്നും കൂട്ടയോട്ടം ആരംഭിച്ചു. ബഹുമാനപ്പെട്ട കണ്ണൂർ എംഎൽഎ അഡ്വ. ടി. ഒ. മോഹനൻ ആണ് ഈ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് കാൾടെക്സ് ഗാന്ധി സർക്കിൾ, പഴയ ബസ്റ്റാൻഡ് സമീപം, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് കൂട്ടയോട്ടം തിരികെ പരേഡ് ഗ്രൗണ്ടിൽ തന്നെ സമാപിച്ചു. ഇതിനുശേഷം ലഹരി വിരുദ്ധ സന്ദേശം പകർന്നുനൽകിക്കൊണ്ട് ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ കളക്ടർ ശ്രീ. പി വിഷ്ണുരാജ് ഐഎഎസ് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.തുടർന്ന് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജനങ്ങളുടെ സജീവമായ പിന്തുണ ഉറപ്പാക്കുന്നതിനായി വിപുലമായ സിഗ്നേച്ചർ ക്യാമ്പയിനും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പെയിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ് നിർവ്വഹിച്ചു. ലഹരിക്കെതിരെ ഒരു പഞ്ച് ബഹുമാനപ്പെട്ട കണ്ണൂർ എംഎൽഎ അഡ്വ. ടി. ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് കൂടുതൽ ആവേശവും ജനപങ്കാളിത്തവും പകർന്നുകൊണ്ട് പ്രത്യേകം പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഇതോടൊപ്പം ഒരുക്കിയിരുന്നു. കായികരംഗത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ലഹരിക്കെതിരെ സന്ദേശം നൽകിയ ഈ ഷൂട്ടൗട്ട് മത്സരത്തിന് ബഹുമാനപ്പെട്ട കണ്ണൂർ സിറ്റി അഡീഷണൽ എസ്പി ശ്രീ. ചന്ദ്രൻ എ. പി തുടക്കം കുറിച്ചു. തുടർന്ന് കൂടാളി ഹയർസെക്കണ്ടറി സ്കൂൾ എസ്പിസി കേഡറ്റുകളുടെ ഫ്ലാഷ് മോബും, കണ്ണൂർ സിറ്റി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ ലഹരിക്കെതിരെയുള്ള സംഗീതശില്പവും അരങ്ങേറി.ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, എകെജി, കൊയിലി, ബിഎംഎച്ച്, ധനലക്ഷ്മി ഹോസ്പിറ്റലുകളിലെ നഴ്സിംഗ് വിദ്യാർത്ഥികളും ജീവനക്കാരും, എസ്പിസി വിദ്യാർത്ഥികൾ, സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, വ്യാപാര വ്യവസായി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.