സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ വരുന്ന ഒരാഴ്ച കാലവർഷം കൂടുതൽ ശക്തി പ്രാപിക്കുമെന്ന പ്രവചനത്തിന് പിന്നാലെ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിലടക്കം മഴ അതിശക്തമാകുമെന്നാണ് പുതിയ മുന്നറിയിപ്പ്.ജൂൺ 28 ന് (ഞായർ) തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് 12 ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 29 ന് (തിങ്കൾ) വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.കാസർകോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 30 ന് (ചൊവ്വാ) മഴ കൂടുതൽ കനക്കും. കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ നാല് വടക്കൻ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, വയനാട് മുതൽ ഇടുക്കി വരെയുള്ള മറ്റ് 6 ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്.മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിലുള്ളവർക്ക് അധികൃതർ കർശന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കണം.നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്വപ്രദേശങ്ങളിലും ഉള്ളവർ അപകടസാധ്യത മുൻകൂട്ടി കണ്ട് തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പകൽ സമയത്ത് തന്നെ മാറേണ്ടതാണ്.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ ഉള്ളവരും പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.