കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കും: ജില്ലാ കളക്ടര്‍
ആറളം: പുനരധിവാസ മേഖലയിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്. ജില്ലാ ജഡ്ജി എം മനോജിന്റെ ആറളം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. പഠനത്തോട് വിദ്യാര്‍ഥികള്‍ക്ക് താല്പര്യമുണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി പഠനം രസകരമാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കും. പഠനത്തോടൊപ്പം കായിക വിനോദങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും. കുട്ടികളില്‍ ലക്ഷ്യബോധം സൃഷ്ടിക്കാനും വായനാശീലനം വളര്‍ത്താനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. സ്കൂളില്‍ പ്രവേശനം നേടാത്തവരും ഇടയ്ക്കുവച്ച് കൊഴിഞ്ഞു പോയവരുമായ കുട്ടികളെ കണ്ടെത്തി അവരെ സ്കൂളിലെത്തിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കും. ഇതിന്റെ മുന്നോടിയായി ഇത്തരം കുട്ടികളുടെ കണക്കെടുപ്പ് നടത്തിവരികയാണ്. മേഖലയിലെ സ്കൂളുകള്‍ക്ക് കായിക, വിനോദ ഉപകരണങ്ങള്‍ ഇതിനകം ലഭ്യമാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.സ്കൂളുകളില്‍ മികച്ച പ്ലേ ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കും. വിദ്യാര്‍ഥികളുടെ താല്പര്യമനുസരിച്ചുള്ള സ്പോര്‍ട്സ് പരിശീലനത്തിനും സംവിധാനമുണ്ടാക്കും. മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ആറളത്തിന് സ്പെഷ്യല്‍ പാക്കേജ് ആവശ്യമാണെന്നും ജില്ലാ കളക്ടര്‍ അഭിപ്രായപ്പെട്ടു.