ചെന്നൈ മെട്രോ ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മോദിയോടൊപ്പം യാത്ര ചെയ്ത് മുഖ്യമന്ത്രി വിജയ്
ചെന്നൈ:ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്ര ചെയ്ത് മുഖ്യമന്ത്രി ജോസഫ് വിജയ്. പൂനമല്ലി–വടപളനി പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 4,900 കോടി രൂപ ചെലവിൽ നിർമിച്ച പാതയുടെ ഉദ്ഘാടനത്തിന് ശേഷം പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കായിരുന്നു ഇരുവരുടെയും മെട്രോ യാത്ര. തുടർന്ന് തിരികെ യാത്രയും നടത്തി.ദേശീയപാതകൾ, റെയിൽവേ, തുറമുഖങ്ങൾ, ഊർജം, ശാസ്ത്രഗവേഷണം തുടങ്ങിയ മേഖലകളിലായി തമിഴ്നാട്ടിൽ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 13,000 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും സഹായകമാകുമെന്നാണ് പ്രതീക്ഷ.3,700 കോടി രൂപയുടെ ദേശീയപാതാ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഗതാഗതക്കുരുക്ക് കുറയ്ക്കുക, യാത്രാസമയം ലാഭിക്കുക, വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ചരക്കുനീക്കം സുഗമമാക്കുക എന്നിവയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ.