ആശ വർക്കർമാർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും
തിരുവനന്തപുരം : ആശ വർക്കർമാർക്ക് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്ന് കേന്ദ്ര മന്ത്രിയും ഇല്ലെന്ന് കേരളവും. ആശ വർക്കർമാരുടെ സമരം പരിഹാരമില്ലാതെ തുടരുമ്പോഴാണ് കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോപണ പ്രത്യാരോപണങ്ങൾ. ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിനുള്ള മുഴുവന്‍ തുകയും അനുവദിച്ചെന്ന പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് നിയമസഭയിൽ മന്ത്രി വീണ ജോർജ് പറഞ്ഞു. കോ-ബ്രാന്‍ഡിങ്ങിന്റെ പേരില്‍ തടഞ്ഞുവെച്ച കാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ല. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നേരത്തെ കേന്ദ്രത്തിന് അയച്ചിരുന്നു. 2025 ഫെബ്രുവരി വരെയുള്ള ഫിനാന്‍ഷ്യല്‍ മോണിറ്ററിങ് റിപ്പോര്‍ട്ടുകളും അയച്ചു കൊടുത്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് കേന്ദ്രത്തിന് ലഭ്യമാക്കുമ്പോഴാണ് അടുത്ത ഗഡു ഫണ്ട് അനുവദിക്കുക. ഇതുസംബന്ധിച്ച് എൻ.എച്ച്.എം സ്റ്റേറ്റ് മിഷന് നല്കിയ രേഖകള്‍ മന്ത്രി സഭയില്‍ വെച്ചു.എന്‍.എച്ച്.എമ്മിന് 2023-24 ല്‍ കേന്ദ്രം നല്‍കാനുള്ള തുക സംബന്ധിച്ച് 2023 നവംബർ 27, 2024 ജൂൺ 24, 2024 ഒക്ടോബർ 17 തീയതികളില്‍ ആരോഗ്യ മന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രിക്കും സംസ്ഥാന ആരോഗ്യ സെക്രട്ടറി കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും നാഷനല്‍ മിഷന് സ്റ്റേറ്റ് മിഷനും കത്തയച്ചിരുന്നു.