‘ലവ് ജിഹാദ്’ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പൊലീസ് കേസ് എടുത്തേക്കും
കോട്ടയം : ‘ലവ് ജിഹാദ്’ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ പൊലീസ് കേസ് എടുത്തേക്കും. നിയമസാധുത പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കാനാണ് നീക്കം. സംഭവവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി പൊലീസിന് വെവ്വേറെ പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനിടെ, ജോർജിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും രംഗത്തെത്തി. കേസെടുത്താൽ മതവിദ്വേഷ പരാമർശക്കേസിൽ ജോർജിന് ലഭിച്ച ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
കഴിഞ്ഞദിവസം പാലായിൽ നടന്ന ലഹരിവിരുദ്ധ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് ഇപ്പോഴുള്ള പരാതികൾക്ക് ആധാരം. ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് തൊടുപുഴയിലും യൂത്ത്ലീഗ് പാലായിലും എസ്.ഡി.പി.ഐ ഡി.ജി.പിക്കുമാണ് പരാതി നൽകിയത്. നേരത്തേ പി.സി. ജോർജ് റിമാൻഡിലായ ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു. ഈ കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് പരാതി നൽകിയത്. മതവിദ്വേഷ പരാമർശക്കേസിൽ ജാമ്യത്തില്‍ കഴിയുന്ന പി.സി. ജോർജിന് കോടതിയുടെ കര്‍ശന നിബന്ധനകൾ നിലനില്‍ക്കെയാണ് വീണ്ടും വിവാദപ്രസംഗം നടത്തിയത്. ആ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി ഉൾപ്പെടെ ചില പരാമർശങ്ങൾ നടത്തിയിരുന്നു.