മസ്തകത്തിന് മുറിവേറ്റ കാട്ടാന ചരിഞ്ഞതിന് കാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ് മോര്‍ട്ടം വിലയിരുത്തല്‍
കോടനാട് : മസ്തകത്തിന് മുറിവേറ്റ കാട്ടാന ചരിഞ്ഞതിന് കാരണം ഹൃദയസ്തംഭനമെന്ന് പോസ്റ്റ് മോര്‍ട്ടം വിലയിരുത്തല്‍. മുറിവിലെ അണുബാധ മസ്തകത്തിലേക്കും ബാധിച്ചിരുന്നു. മുറിവിന് 65 സെന്റി മീറ്റര്‍ ചുറ്റളവും 15 സെന്റി മീറ്റര്‍ വ്യാസവുമുണ്ട്. മുറിവിന്റെ ആഴം ഒന്നര അടിയോളം വരും. ആനയുടെ ശരീരത്തില്‍ ലോഹ ഘടകങ്ങള്‍ ഒന്നുമില്ല. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ത്തുണ്ടായ മുറിവ് തന്നെയാണിത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ആനയുടെ ജഡം അഭയാരണ്യത്തില്‍ തന്നെ സംസ്കരിച്ചു.
കോടനാട് അഭയാരണ്യത്തില്‍ ചികിത്സയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം. ബുധനാഴ്ചയാണ് അതിരപ്പിള്ളിയില്‍ നിന്നും മയക്കുവേണ്ടി വെച്ച് പിടികൂടിയ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചത്. അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഡെല്‍റ്റോ മറോക്കിയുടെ മേല്‍നോട്ടത്തിലുള്ള വിദഗ്ധ സംഘം രാത്രി 9.15 ഓടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ഒരു മണിക്കൂറിനകം സംസ്കാരവും നടന്നു. മുറിവിലെ അണുബാധ ആനയുടെ അന്ത്യത്തിന് കാരണമായിട്ടുണ്ട് എന്നാണ് വിദഗ്ധ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഹൃദയാഘാതവും ആന കുഴഞ്ഞു വീഴാന്‍ കാരണമായെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. ബുധനാഴ്ച രാത്രി മുതല്‍ ആന തീറ്റ എടുത്തു തുടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രിയോടെ ക്ഷീണിതനായി. ഇതിനിടെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ വരെ ആന ഭക്ഷണവും വെള്ളവും എടുക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നതായി വനംവകുപ്പ് അറിയിച്ചു. ഡോക്ടര്‍മാര്‍ ചികില്‍സ തുടരുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആന കുഴഞ്ഞു വീഴുകയായിരുന്നു.