ആറ്റുകാല്‍ പൊങ്കാല ഇന്ന്; ഭക്തലക്ഷങ്ങള്‍ ഒരുമിക്കുന്ന തലസ്ഥാനത്ത് പൊങ്കാല അര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഭക്തലക്ഷങ്ങള്‍ ഒരുമിക്കുന്ന തലസ്ഥാനത്ത് പൊങ്കാല അര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രപരിസരത്തു നിന്നും പത്ത് കിലോമീറ്റർ ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. വൈകീട്ട് 7.45ന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍ കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കിയശേഷം പുലർച്ചെ ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല 2009ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എത്തിയത്. ഇത്തവണ ആ റെക്കോഡ് തകര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.