സംഭാവന കൊളള വീണ്ടും ഉയര്‍ത്തി കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്
അയോധ്യ: സംഭാവന കൊളള വീണ്ടും ഉയര്‍ത്തി കേന്ദ്രത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ബിജെപി-ആര്‍എസ്എസ്-വിഎച്ച്പി ബന്ധമുള്ളവരെ സംരക്ഷിക്കാനാണ് ശ്രമമെന്നും എസ്ഐടി രൂപീകരിച്ചതില്‍ ദുരൂഹതയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. അന്വേഷണത്തിന്റെ പേരില്‍ ജനങ്ങളെയും സുപ്രീം കോടതിയെയും സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചു. സുപ്രീം കോടതി മേല്‍നോട്ടത്തില്‍ എസ്ഐടി രൂപീകരിക്കണം എന്നത് ഉള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചു.
ചമ്പത് റായ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സുപ്രീംകോടതിയില്‍ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്കിയ റിപ്പോര്‍ട്ട് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത് ആരുടെ അനുമതിയോടെയെന്നും ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം രാജ്യത്തിന് വേദനയെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ആദ്യ എസ്ഐടിയുടെ രൂപീകരണ വിജ്ഞാപനവും അന്വേഷണ നിര്‍ദ്ദേശങ്ങളും പരസ്യപ്പെടുത്തണമെന്നും ആദ്യ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുകയും, ഏത് അധികാരത്തിലാണ് ഇവ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയതെന്ന് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.കേസില്‍ 8 പേരാണ് നിലവില്‍ അറസ്റ്റിലായത്. ഇവരില്‍ 7 പേരില്‍ നിന്നായി 79.8 ലക്ഷം രൂപ പോലീസ് വീണ്ടെടുത്തിരുന്നു. വിശ്വാസവഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ഏകദേശം 200 കോടിയുടെ കൊള്ളയാണ് അയോധ്യയില്‍ നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.