![ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ](https://www.zealtvonline.com/wp-content/uploads/2024/07/IMG-20240701-WA0035-850x560.jpg)
ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡല്‍ഹി : ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് ബിസിസിഐ പാരിതോഷികമായി പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്. സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് കിരീടനേട്ടത്തില്‍ പങ്കാളികളായ താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനം അറിയിച്ച ജയ് ഷാ, ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ടീം അസാധാരണമായ കഴിവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചെന്നും എക്സില്‍ കുറിച്ചു.
രോഹിത് ശര്‍മയുടെ അസാധാരണമായ നായകത്വത്തില്‍ ഇന്ത്യ ഉജ്ജ്വലമായ നേട്ടം കൈവരിച്ചു. ഐസിസി ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ അപരാജിതരായി കിരീടം നേടുന്ന ആദ്യ ടീമായി മാറിയെന്നും വിമര്‍ശകരെ ഉജ്വലപ്രകടനത്തിന്റെ ബലത്തില്‍ നിശബ്ദരാക്കിയെന്നും ജയ് ഷാ കുറിച്ചു. പിന്നാലെ 125 കോടിയുടെ പ്രഖ്യാപനവും നടത്തി. താരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോട്ടിങ് സ്റ്റാഫിനും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടി20 ലോകകപ്പില്‍ മുത്തമിട്ടത് .ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് വിജയമാണിത്. 2007-ലാണ് ഇന്ത്യ ഇതിന് മുമ്പ് ടി20 ലോകകപ്പില്‍ മുത്തമിട്ടത്.