ബുള്ളറ്റ് ലേഡി കരുതൽ തടങ്കലിൽ; മയക്ക് മരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ട സാഹചര്യത്തിലാണ് നടപടി
കണ്ണൂര്‍ : മയക്കുമരുന്ന് വില്പനയിലൂടെ കുപ്രസിദ്ധി നേടിയ കണ്ണൂര്‍ പയ്യന്നൂരിലെ ‘ബുള്ളറ്റ് ലേഡി’ എക്സൈസിന്റെ കരുതല്‍ തടങ്കലില്‍. പയ്യന്നൂര്‍ കണ്ടങ്കാളിയിലെ നിഖില സിയെയാണ് എക്സൈസ് കസ്റ്റഡിയില്‍ എടുത്തത്. പിറ്റ് എന്‍ഡിപിഎസ് ആക്ട് പ്രകാരം എക്സൈസ് ബാംഗ്ലൂര്‍ മടിവാളയില്‍ വെച്ചാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. ഈ നിയമപ്രകാരം സംസ്ഥാനത്ത് കരുതല്‍ തടങ്കലില്‍ ആകുന്ന ആദ്യത്തെ വനിതയാണ് നിഖില. പിടികൂടുന്ന സമയത്ത് നിഖിലയുടെ കൂടെയുള്ളവര്‍ പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ കര്‍ക്കശ നിലപാട് എടുത്തതോടെയാണ് നിഖില കീഴടങ്ങിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ് അറസ്റ്റ്.
പിറ്റ് എൻഡിപിഎസ് നിയമ പ്രകാരമാണ് നിഖിലയെ അറസ്റ്റ് ചെയ്തത്. ഈ നിയമ പ്രകാരം സ്ഥിരമായി ലഹരി മരുന്ന് കടത്തുന്നവരെ ആറു മാസം തടങ്കലിൽ വയ്ക്കാം. ഈ വർഷം ഫെബ്രുവരിയിൽ നാല് ഗ്രാം മെത്താഫിറ്റമിനുമായി നിഖിലയെ വീട്ടിൽ നിന്ന് പിടികൂടിയിരുന്നു. 2023ൽ രണ്ടു കിലോ കഞ്ചാവുമായും നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില,‘ബുള്ളറ്റ് ലേഡി’ എന്നാണ് അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് ലഹരിമരുന്നു വിൽപനയിലേക്ക് തിരിഞ്ഞതെന്ന് എക്സൈസ് ഉദ്യോഗസ്ഥ ർ പറഞ്ഞു. കേരള പൊലീസിന്റെയും ബെംഗളൂരു പൊലീസിന്റെയും സഹായത്തോടെ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സതീഷും സംഘവുമാണ് ഒളിവിൽ കഴിയുകയായിരുന്ന നിഖിലയെ അറസ്റ്റ് ചെയ്തത്.