ചാലിൽ ഗോപാൽപേട്ടയിൽ തീരദേശ ഹരിതകവചം ഒരുങ്ങുന്നു
തലശ്ശേരി:പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഭാഗമായി ചാലിൽ ഗോപാൽപേട്ട, തലായി പ്രദേശങ്ങളിൽ 2,500 തൈകൾ നട്ടുപിടിപ്പിച്ച് തീരദേശ ജൈവകവചം ഒരുക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു
തീരശോഷണം തടയുക, കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുക, തീരദേശ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം
ബദാം, കാറ്റാടി, പൂവരശ്, ഉങ്ങ് തുടങ്ങിയ തീരദേശത്തിന് അനുയോജ്യമായ സസ്യങ്ങളാണ് നട്ടുപിടിപ്പിക്കുന്നത്. 25 ലക്ഷം രൂപ അടങ്കൽ തുകയുള്ള പദ്ധതി ഫിഷറീസ് വകുപ്പ് കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന സോഷ്യൽ ഫോറസ്ട്രി വകുപ്പിന്റെ മേൽനോട്ടത്തിലാണ് നടപ്പാക്കുന്നത്.തലശ്ശേരി നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ അഷ്റഫ്, ഡിവിഷൻ കൗൺസിലർമാരായ ജിഷ ജയചന്ദ്രൻ, പ്രീത പ്രദീപ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആർ ജുഗ്നു, കെ എസ് സി എ ഡിസി റീജിയണൽ എക്സിക്യൂട്ടീവ് സി ആഷിക് ബാബു, സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എം രാജീവൻ, തലശ്ശേരി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി മുഹമ്മദ് സജീർ, കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ തലായി പുരുഷോത്തമൻ, ഹാർബർ എൻജിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തലായി ഡേരിയസ് പോൾ, പരിസ്ഥിതി പ്രവർത്തകൻ സുരേന്ദ്രൻ ധർമടം എന്നിവർ പങ്കെടുത്തു