വീണ്ടും ചെങ്കൊടിയേന്തി ചേലക്കര; ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നുന്ന ജയം
തൃശൂർ : ചേലക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നുന്ന ജയം. എൽ.ഡി.എഫ് സ്ഥാനാർഥിയായ യു.ആർ പ്രദീപ് 12201 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസാണ് രണ്ടാം സ്ഥാനത്ത്. 52626 വോട്ട് നേടിയാണ് രമ്യാ ഹരിദാസ് രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ മൂന്നാം സ്ഥാനത്ത് എത്തി. 33609 വോട്ട് നേടാൻ ബിജെപിക്കായി. പിന്നീട് അങ്ങോട്ടുള്ള റൗണ്ടുകളിൽ ഭൂരിപക്ഷം എത്രയെന്നത് മാത്രമായിരുന്നു ചർച്ച. യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് ഒരു ഘട്ടത്തിലും എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്താനായില്ല. രമ്യയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിലും പുറത്തും ഉയർന്ന വിമർശനങ്ങൾ ശരി വെയ്ക്കുന്ന വോട്ട് നിലയാണ് യു.ഡി.എഫിൻ്റെ അക്കൗണ്ടിൽ കാണാനാവുന്നത്.
ഭരണ വിരുദ്ധ വികാരത്തിൻ്റെ തണലിൽ ചേലക്കരയിൽ ജയിച്ചു കയറാം എന്നായിരുന്നു പ്രതീക്ഷ. സർക്കാരിൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് പ്രചണ്ഡമായ പ്രചരണം നടത്തിയിട്ടും ഇടത് കോട്ടയായ ചേലക്കരയിൽ അതൊന്നും ഏശിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം നേടാൻ ലക്ഷ്യം വെച്ച് നീങ്ങുന്ന യുഡിഎഫിന് നിരാശ പകരുന്നതാണ് ഈ തോൽവി. ചേലക്കരയിലെ തകർപ്പൻ ജയം ഇടത് മുന്നണിക്ക് വലിയ നേട്ടമാണ്. ലോകസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ നാണക്കേട് കഴുകി കളഞ്ഞ് ആത്മ വിശ്വാസത്തോടെ നിങ്ങാൻ ചേലക്കരയിലെ ജയം എൽ.ഡി.എഫിന് സഹായകരമാകും.