ആറ് ദിവസം കൊണ്ട് 50 മില്യൺ സബ്സ്ക്രൈബേഴ്സും പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർചുഗൽ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ യൂട്യൂബ് ചാനൽ തുടങ്ങിയത് ആറ് ദിവസം മുൻപാണ്. 22 വിഡിയോ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. കാൽപന്ത് കളിയിലെ സകല റെക്കോഡും തകർത്ത് മുന്നേറുന്ന ഇതിഹാസതാരത്തിന് മുന്നിൽ യൂട്യൂബിലെ റെക്കോഡുകൾ നിമിഷയിടംകൊണ്ടാണ് നിലംപൊത്തുന്നത്. ആറ് ദിവസം കൊണ്ട് 50 മില്യൺ സബ്സ്ക്രൈബേഴ്സും പിന്നിട്ട് താരം തേരോട്ടം തുടരുകയാണ്. ഏറ്റവും വേഗത്തിൽ 50 മില്യണിലെത്തിയ യൂട്യൂബർ എന്ന റെക്കോഡ് ഇനി ക്രിസ്റ്റ്യാനോയുടെ പേരിലായിരിക്കും. നിലവിൽ ‘ലൈക്ക് നാസ്ത്യ’ എന്ന ചാനലിന്റെ പേരിലാണ് റെക്കോഡ്. 119 മില്യൺ സബ്സ്ക്രൈബേഴ്സുള്ള കുട്ടികളുടെ വിനോദ പരിപാടികളുള്ള ഈ ചാനൽ 50 മില്യൺ താണ്ടിയത് മൂന്ന് വർഷം കൊണ്ടാണ്. അതാണ് ക്രിസ്റ്റ്യാനോ ആറ് ദിവസം കൊണ്ട് മറികടന്നത്. നിലവിൽ യൂട്യൂബിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബേഴ്സുള്ള (312 മില്യൺ) മിസ്റ്റർ ബീസ്റ്റ് പോലും 50 മില്യൺ തൊട്ടത് ഒമ്പത് വർഷം കൊണ്ടാണ്.