ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി ഏറ്റമുട്ടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു
കണ്ണൂർ : ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി ഏറ്റമുട്ടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷക്ക് തീയിട്ടിരുന്നു. ജാതി വിവേചനം നേരിടുന്നുവെന്നും സി.പി.ഐ.എമ്മുകാര്‍ ഓട്ടോ ഓടിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചിത്രലേഖ രംഗത്ത് വന്നത്. ഒടുവില്‍ കണ്ണൂര്‍ കട്ടാമ്പള്ളിയിലെ വാടകവീട്ടിലേക്ക് മാറിയെങ്കിലും ഇവിടേയും ജീവിക്കന്‍ സമ്മതിക്കുന്നില്ലെന്ന് ചിത്രലേഖ പറഞ്ഞിരുന്നു.
കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ചിത്രലേഖ അർബുദബാധിതയായി രോഗശയ്യയിലായിരുന്നു. ദയനീയ അവസ്ഥയിലായിരുന്ന അവർ ചികിത്സാസഹായമുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച ചിത്രലേഖയ്ക്ക് മഞ്ഞപ്പിത്തവും പിടിപെട്ടു. ആരോഗ്യം മോശമായതോടെ പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഭർത്താവ് ശ്രീഷ്കാന്തിന് ചിത്രലേഖയെ തനിച്ചാക്കി ജോലിക്ക് പോകാനും സാധിച്ചിരുന്നില്ല. അതോടെ കുടുംബത്തിലേക്കുള്ള വരുമാനം നിലക്കുകയായിരുന്നു. ഇതിനിടയിലാണ് അസുഖം മൂർച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും.