കണ്ണൂർ നഗരത്തിന് ഇനി ആഘോഷരാവുകൾ; കണ്ണൂർ ദസറയ്ക്ക് തുടക്കം
കണ്ണൂർ : മനുഷ്യന്റെ നിലനിൽപ്പിന് പ്രകൃതിയുടെ ആരോഗ്യംകൂടി സംരക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകം നേരിടുന്ന പ്രധാന പ്രശ്നം കാലാവസ്ഥാവ്യതിയാനമാണ്. ഈ സാഹചര്യത്തിലാണ് ‘കാണാം ദസറ കരുതാം ഭൂമിയെ’ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. മൈസൂർ ദസറ പോലെ ‘കണ്ണൂർ ദസറ’ കണ്ണൂരിന്റെ ബ്രാൻഡായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. മുൻ മേയർ ടി.ഒ. മോഹനൻ ആമുഖ പ്രഭാഷണം നടത്തി. പി. സന്തോഷ് കുമാർ എം.പി, കളക്ടർ അരുൺ കെ. വിജയൻ, സ്വാമി അമൃതകൃപാനന്ദപുരി, ഹാഷിർ ബാഖവി, വികാരി ജനറാൾ മോൺ ക്ലാരൻസ് പാലിയത്ത് എന്നിവർ മുഖ്യാതിഥിയായി.
മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി, സി.പി. സന്തോഷ്, പി. റെജീഷ്, കനറാ ബാങ്ക് ഡി.ജി.എം. വി.കെ. ശ്രീകാന്ത്, നിക്ഷൻ ഇലക്ട്രോണിക്സ് മാനേജർ ഇഖ്ബാൽ, ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുരേഷ്ബാബു എളയാവൂർ എന്നിവർ സംസാരിച്ചു. സെയ്ന്റ് മൈക്കിൾസ് സ്കൂൾ പാട്ടുകൂട്ടത്തിന്റെ സ്വാഗതഗാനത്തോടെ യായിരുന്നു ദസറയുടെ തുടക്കം. ഉദ്ഘാടനച്ചടങ്ങിന് ശേഷം കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിച്ച മോഹിനിയാട്ടത്തോടെ കലാപരിപാടികൾ തുടങ്ങി. ദേവ്ന ബിജേഷ് അവതരിപ്പിച്ച കുച്ചിപ്പുഡിയും ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭാരതനാട്യവും അരങ്ങേറി. തുടർന്ന് ഗായകൻ വി. വിവേകാനന്ദൻ നയിച്ച ഗാനമേളയുമുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് 5.30-ന് സാംസ്കാരിക സമ്മേളനം എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവതാരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം, ഡോ. സുമിത നായരുടെ നൃത്തസന്ധ്യ എന്നിവ അരങ്ങേറും.