നിങ്ങള്‍ക്കും നേടാം സിവില്‍ സര്‍വീസ്; പ്രചോദനവുമായി ജില്ലാ കളക്ടര്‍
കണ്ണൂര്‍:ഭരണനിര്‍വഹണത്തിന്റെ തിരക്കുകള്‍ക്കിടയില്‍ കുറച്ചുനേരം അധ്യാപക വേഷമണിഞ്ഞ് ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്. കല്ല്യാശ്ശേരി കേരള സിവില്‍ സര്‍വീസ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളായിരുന്നു പഠിതാക്കള്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് എങ്ങിനെ തയ്യാറെടുക്കണം, അഭിമുഖത്തില്‍ എന്തെല്ലാം ശ്രദ്ധിക്കണം തുടങ്ങിയ കുട്ടികളുടെ സംശയങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങളുടെ കൂടി വെളിച്ചത്തില്‍ ജില്ലാ കളക്ടര്‍ മറുപടി നല്കി. കളക്ടറേറ്റ്
കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറും കളക്ടര്മാരാകാന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആശവിനിയമം വിദ്യാര്‍ഥികള്‍ക്ക് വലിയ പ്രചോദനമായി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി കല്ല്യാശ്ശേരി ഉപകേന്ദ്രത്തില്‍ നിന്നുള്ള കുട്ടികളാണ് മീറ്റ് ദി കളക്ടര്‍ പരിപാടിയില്‍ പങ്കെടുത്തത്. ആത്മസമര്‍പ്പണമാണ് ലക്ഷ്യം കേവരിക്കാന് ഏറ്റവും അനിവാര്യഘടകമെന്ന് കളക്ടര്‍ പറഞ്ഞു. എത്ര സമയം പഠനത്തിനായി ചെലവഴിക്കുന്നു എന്നതിലല്ല, ഏത്രത്തോളം ആത്മാര്‍ത്ഥതയോടെ വിഷയത്തെ സമീപിക്കുന്നു എന്നതിലാണ് കാര്യം. ഇന്നത്തെ കാലത്ത് വിവരങ്ങളും അറിവുകളും സ്വന്തമാക്കാനുള്ള വഴികള്‍ ഒരുപാടുണ്ട്. ഏതൊക്കെ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കണമെന്നതും ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പ്രധാനപ്പെട്ടതാണ്. പരിശ്രമവും സ്ഥിരോത്സാഹവും ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ വിജയം സുനിശ്ചിതമാണ്. പിന്‍വാങ്ങലല്ല മുന്നോട്ടുള്ള ശ്രമങ്ങള്‍ തുടരുകയാണ് ലക്ഷ്യത്തിലെത്താനുള്ള വഴിയെന്നും കളക്ടര്‍ കുട്ടികളോടായി പറഞ്ഞു.
കല്ല്യാശ്ശേരി ഉപകേന്ദ്രത്തിലെ കോഴ്സ് കോര്‍ഡിനേറ്റര്‍ കെ.ശിവകുമാര്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞതായിരുന്നു മുഖാമുഖം. ഐ.എ.എസ് ഉദ്യോഗസ്ഥരുമായുള്ള സംവാദം സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികളുടെ പഠനത്തിന്റെ കൂടി ഭാഗമാണ്. 2017ലാണ് സംസ്ഥാനത്തെ അഞ്ചാമത് ഉപകേന്ദ്രമായി കല്ല്യാശ്ശേരിയില്‍ സിവില്‍ സര്‍വീസ് അക്കാദമി പ്രവര്‍ത്തനം തുടങ്ങിയത്. 62 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവിടെ ഒരു ബാച്ചില്‍ പ്രവേശനം. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദം പഠനം കഴിഞ്ഞവര്‍ക്കും ഇവിടെ പരിശീലനത്തിന് ചേരാം. സംവരണ വിഭാഗങ്ങള്‍ക്ക് പ്രത്യേക ഫീസ് ഇളവുകളുണ്ട്. ജനറല്‍ വിഭാഗത്തിന് പ്രതിവര്‍ഷം 49,200 രൂപയാണ് കോഴ്സ് ഫീസ്. റഗുലര്‍ കോഴ്സിന് പുറമെ ആഴ്ചയിലൊരിക്കല്‍ നടത്തുന്ന കോഴ്സുകളും ഇവിടെയുണ്ട്. മറ്റ് കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും ഈ ക്ലാസ്സുകളില്‍ ചേരാം. വിദ്ഗധരായ അധ്യാപകരാണ് ഇവിടെ ക്ലാസ്സുകള്‍ നയിക്കുന്നത്. മേയ് മാസത്തിലാണ് ഇവിടേക്കുള്ള പ്രവേശനം നടക്കുക. ലൈബ്രറിയും ഡിജിറ്റല്‍ ഗവേഷണോപാധികളും ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കായി സ്ജ്ജീകരിച്ചിട്ടുണ്ട്. കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ www.kscsa.org വെബ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഫോണ്‍ 8281098875.