2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ; ആതിഥേയ നഗരമായി അഹമ്മദാബാദ്
ന്യൂഡൽഹി : 2030ലെ കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദ് വേദിയാകും. 2030ലെ കോമൺവെൽത്ത് ഗെയിംസിൻ്റെ ആതിഥേയരായി അഹമ്മദാബാദിനെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ കോമൺവെൽത്തിന് വേദിയാകുന്നത്. 2010-ൽ ന്യൂഡൽഹിയിലായിരുന്നു ഇതിനുമുമ്പ് ഇന്ത്യ ഗെയിംസിന് വേദിയായത്. ഗ്ലാസ്ഗോയിലാണ് പ്രഖ്യാപനം നടന്നത്. ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് സ്പോർട്ട് ജനറൽ അസംബ്ലിയിൽ 74 കോമൺ വെൽത്ത് അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് ഇന്ത്യയുടെ അപേക്ഷ അംഗീകരിച്ചത്.
2010ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു. അന്ന് 101 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. ബിർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ 2022ൽ 61 മെഡലുകൾ ആണ് ഇന്ത്യ നേടിയത്. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബിർമിങ്ഹാമിലെ മെഡൽ വേട്ടയിൽ ഇന്ത്യ നാലാമതെത്തി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഇതുവരെ 564 മെഡലുകൾ നേടിയതായാണ് കണക്ക്. 203 സ്വർണവും 190 വെള്ളിയും 171 വെങ്കലവും ഇതിൽ ഉൾപ്പെടുന്നു. ഷൂട്ടിങ്ങും ഭാരോദ്വഹനവും റെസ്ലിങ്ങുമാണ് മെഡൽ നേടാൻ ഇന്ത്യയെ കൂടുതൽ സഹായിക്കുന്നത്.