കോൺഗ്രസ് നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവും പോഷക സംഘടനകളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജന ചർച്ചകളിൽ മഹിളാ കോൺഗ്രസിനെ പൂർണ്ണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.സി.സി നേതൃത്വത്തിന് മഹിളാ കോൺഗ്രസ് നേതൃത്വം പരാതിക്കത്ത് നൽകി . ഉടൻ തന്നെ കെ.പി.സി.സി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എ.ഐ.സി.സിയെ സമീപിച്ചിരിക്കുന്നത്.പാർട്ടിക്ക് ഉള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ നടക്കുന്നില്ലെന്നും സംഘടനാപരമായ തീരുമാനങ്ങൾ ഏകപക്ഷീയമായാണ് കൈക്കൊള്ളുന്നതെന്നുമാണ് ആരോപണം. ബോർഡ്-കോർപ്പറേഷൻ പദവികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും പോഷക സംഘടനയായ മഹിളാ കോൺഗ്രസിൻ്റെ പ്രാതിനിധ്യം പൂർണ്ണമായും തഴയപ്പെട്ടു. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കേണ്ട ഘട്ടങ്ങളിൽ പോലും സംഘടനാ നേതൃത്വം തങ്ങളെ പരിഗണിക്കുന്നില്ലെന്ന രൂക്ഷമായ അതൃപ്തിയിലാണ് മഹിളാ കോൺഗ്രസ് ഭാരവാഹികൾ.