തളിപ്പറമ്പിന്റെ ജൈവപൈതൃകം സംരക്ഷിക്കാൻ മാസ്റ്റർ പ്ലാൻ.
തളിപ്പറമ്പ് : തളിപ്പറമ്പിന്റെ ജൈവവൈവിധ്യവും പ്രകൃതി–ചരിത്ര പൈതൃകവും സംരക്ഷിച്ച് വരുംതലമുറക്ക് കൈമാറുന്നതിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു.തളിപ്പറമ്പ് നഗരസഭ ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി (ബി.എം.സി.)യും സർ സയ്യിദ് കോളേജ് സസ്യ ശാസ്ത്ര വിഭാഗവും സഹകരിച്ചാണ് ‘ജൈവ പൈതൃകം’ എന്ന പേരിൽ പദ്ധതിക്ക് രൂപം നൽകുന്നത്.മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 14-ന് ബുധനാഴ്ച സർ സയ്യിദ് കോളേജ് സെമിനാർ ഹാളിൽ ഏകദിന ശില്പശാല സംഘടിപ്പിക്കും.നഗരസഭാ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ ബി.എം.സി. അംഗങ്ങൾ, കേരളത്തിലെ പ്രമുഖ ശാസ്ത്രജ്ഞർ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ഉദ്യോഗസ്ഥർ, ജൈവവൈവിധ്യ–പരിസ്ഥിതി പ്രവർത്തകർ, അധ്യാപകർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.തളിപ്പറമ്പിലെ പുരാതന കുളങ്ങൾ, ജലാശയങ്ങൾ, പാടങ്ങൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, പഴക്കമേറിയ വൃക്ഷങ്ങൾ, ക്ഷേത്ര–പള്ളി പരിസരങ്ങളിലെ സസ്യവൈവിധ്യം, പക്ഷികൾ, ശലഭങ്ങൾ, ജലജീവികൾ എന്നിവയുടെ ശാസ്ത്രീയ രേഖ തയ്യാറാക്കും.രാജരാജേശ്വര ക്ഷേത്രം ഉൾപ്പെടെയുള്ള ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വലിയ മരങ്ങളും ക്ഷേത്രക്കുളങ്ങളും കാവുകളും പ്രകൃതി–സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായി രേഖപ്പെടുത്തും.നഗരസഭയുടെ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഘട്ടമായ PBR–2 തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ശില്പശാലയോടെ തുടക്കമാകും.നിലവിലുള്ള വിവരങ്ങൾ പുതുക്കുന്നതിനൊപ്പം സസ്യ–ജന്തുജാലങ്ങൾ, ഔഷധസസ്യങ്ങൾ, പരമ്പരാഗത വിളകൾ, ജലാശയങ്ങൾ, കാവുകൾ, നാട്ടറിവുകൾ എന്നിവയും രേഖപ്പെടുത്തും.വൈദേശിക അധിനിവേശ സസ്യങ്ങളുടെ (Invasive Plants) വ്യാപനവും അവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും പ്രത്യേകമായി രേഖപ്പെടുത്തും.വാർഡ് തലത്തിലുള്ള വിവരശേഖരണവും ഫീൽഡ് സർവേയും ഇതിന്റെ ഭാഗമായി നടത്തും.നഗരത്തിലെ പ്രായമേറിയതും സവിശേഷവുമായ മരങ്ങളെ കണ്ടെത്തി ഇനം, പ്രായം, വലുപ്പം, ചരിത്ര–സാംസ്കാരിക പ്രാധാന്യം, സംരക്ഷണസ്ഥിതി എന്നിവ രേഖപ്പെടുത്തി വൃക്ഷപൈതൃക രജിസ്റ്റർ തയ്യാറാക്കും. പഴയ കുളങ്ങളുടെയും ജലാശയങ്ങളുടെയും പട്ടിക തയ്യാറാക്കി അവയുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമുള്ള നിർദേശങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും.ആഗോളതാപനത്തിന്റെ ആഘാതം കുറക്കുന്നതിനായി കാർബൺ ആഗിരണം ചെയ്യാൻ ശേഷിയുള്ള വൃക്ഷങ്ങളും സസ്യങ്ങളും നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിക്കും.
‘അമൃതമിത്ര’ പദ്ധതിയുമായി സഹകരിച്ച് പൊതുസ്ഥലങ്ങൾ, റോഡരികുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് അനുയോജ്യമായ ഇടങ്ങൾ എന്നിവിടങ്ങളിൽ ഹരിതവൽക്കരണ പ്രവർത്തനങ്ങൾ നടത്തും.നഗരത്തിൽ മുനിസിപ്പൽ ഗാർഡനും ബയോപാർക്കും ഒരുക്കുന്നതിനുള്ള സാധ്യതകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തും.സ്കൂൾ–കോളേജ് വിദ്യാർഥികൾക്ക് സസ്യപരിചയം, വൃക്ഷ തിരിച്ചറിയൽ, പക്ഷി–ശലഭ നിരീക്ഷണം, ജലാശയ പഠനം, ജൈവവൈവിധ്യ രേഖപ്പെടുത്തൽ, നാട്ടറിവ് ശേഖരണം, ഡിജിറ്റൽ വിവരശേഖരണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പരിശീലനം നേടിയ വിദ്യാർഥികളെ ഉൾപ്പെടുത്തി ‘ജൈവവൈവിധ്യ വളണ്ടിയർ സേന’ രൂപീകരിക്കും. വിദ്യാർഥികളെ ജൈവപൈതൃക സംരക്ഷണത്തിന്റെ യുവ അംബാസഡർമാരാക്കുകയാണ് ലക്ഷ്യം.തളിപ്പറമ്പിന്റെ പഴയ തലമുറയിൽ നിലനിൽക്കുന്ന പ്രകൃതിയുമായി ബന്ധപ്പെട്ട ഓർമ്മകളും നാട്ടറിവുകളും ശേഖരിച്ച് ഡിജിറ്റൽ രൂപത്തിൽ രേഖപ്പെടുത്തും. ‘എന്റെ മരം, എന്റെ കുളം, എന്റെ കാവ്’ പോലുള്ള ജനപങ്കാളിത്ത പരിപാടികൾക്കും രൂപം നൽകും.തളിപ്പറമ്പിന്റെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ ഏകോപിപ്പിച്ച് ഡിജിറ്റൽ ജൈവവൈവിധ്യ ഡാറ്റാബേസ് തയ്യാറാക്കും. പ്രധാന മരങ്ങൾക്കും ജൈവവൈവിധ്യ കേന്ദ്രങ്ങൾക്കും QR കോഡ് അടിസ്ഥാനത്തിലുള്ള വിവരസംവിധാനം ഒരുക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
നഗരവികസനവും പ്രകൃതി സംരക്ഷണവും കൈകോർക്കുന്ന സുസ്ഥിര നഗരവികസന മാതൃക രൂപപ്പെടുത്തുകയാണ് മാസ്റ്റർ പ്ലാനിന്റെ ദീർഘകാല ലക്ഷ്യം. തളിപ്പറമ്പിന്റെ മരങ്ങളും കുളങ്ങളും പാടങ്ങളും കാവുകളും തണ്ണീർത്തടങ്ങളും ജൈവസമ്പത്തും ചരിത്രസ്മരണകളും നാട്ടറിവുകളും ഒരൊറ്റ പൈതൃകശൃംഖലയായി സംരക്ഷിച്ച് വരുംതലമുറക്ക് കൈമാറുകയാണ് ‘ജൈവ പൈതൃകം’ പദ്ധതിയുടെ ലക്ഷ്യം.പ്രഥമ ബി.എം.സി. യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ തുടർച്ചയായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. നഗരസഭ, സർ സയ്യിദ് കോളേജ് ബോട്ടണി വിഭാഗം, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, ശാസ്ത്രസമൂഹം, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർഥികൾ, പൊതുസമൂഹം എന്നിവരുടെ കൂട്ടായ്മയിലൂടെ തളിപ്പറമ്പിന്റെ ജൈവപൈതൃക സംരക്ഷണത്തിന് ദീർഘകാല പ്രവർത്തനരേഖ തയ്യാറാക്കും.നഗരസഭ അധ്യക്ഷൻ പി.കെ. സുബൈറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി എം സി കൺവീനർ ഡോ. അബ്ദുസ്സലാം എ. കെ, ഗിരീഷ് പൂക്കോത്ത്, മുസ്തഫ കെ.വി.ടി, വാസന്തി എ.വി, ഷബിത എം.കെ, മനോഹരൻ. സി, അനീഷ് കുമാർ.കെ, ശ്രീലത ടി.ഇ , ലത. സി.പി. എന്നിവർ പങ്കെടുത്തു.നഗരസഭ സെക്രട്ടറി കെ.പി. സുബൈർ സ്വാഗതം പറഞ്ഞു.