വന്‍ വിലക്കുറവുമായി കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ക്ക് തുടക്കം
കണ്ണൂര്‍ :സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ചൊവ്വ റൂറല്‍ സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ അഡ്വ. ടി ഒ മോഹനന് എംഎല്‍എ അധ്യക്ഷനായി. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ പി പ്രമോദന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം പി അനില്‍കുമാര്‍, കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് കെ വി ജയേഷ്, ചൊവ്വ റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍ ടി സുധീന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് റീജിയണല്‍ മാനേജര്‍ വി കെ രാജേഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി വി ഗണേഷ് കുമാര്‍, ചൊവ്വ റൂറല്‍ സഹകരണ ബേങ്ക് സെക്രട്ടറി എം സുമേഷ് എന്നിവര്‍ സംസാരിച്ചു.സര്‍ക്കാര്‍ വിപണി ഇടപെടലിന്റെ ഭാഗമായി ആരംഭിക്കുന്ന കണ്‍സ്യൂമര്‍ഫെഡ് ഓണവിപണികള്‍ ആഗസ്റ്റ് 25 വരെ നീണ്ട് നില്ക്കും. കണ്‍സ്യൂമര്‍ഫെഡ് കണ്ണൂര്‍ ജില്ലയില്‍ 181 കേന്ദ്രങ്ങളിലാണ് വിപണം നടക്കുന്നത്. സഹകരണ ഓണവിപണികളിലൂടെ ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ നല്‍കും. പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്. ദിനേശ്, റെയ്ഡ്കോ, മില്‍മ തുടങ്ങിയ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. ഇവയ്ക്കു പുറമെ, സബ്സിഡിയില്ലാത്ത സാധനങ്ങളും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ഓണച്ചന്തകളില്‍ ലഭിക്കും. പ്രമുഖ ബ്രാന്‍ഡ് കമ്പനികളുടെ എഫ്എംസിജി ഉല്‍പ്പന്നങ്ങളും ഓഫര്‍ വിലകളില്‍ ലഭിക്കും. ത്രിവേണി ബ്രാന്‍ഡില്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് വിപണിയില്‍ ഇറക്കുന്ന തേയില, ആട്ട, റവ, മൈദ, അരിപ്പൊടികള്‍, മസാലപ്പൊടികള്‍ തുടങ്ങിയവയും ബിരിയാണി അരി, വെല്ലം, സേമിയ, പാലട, അരിയട എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭ്യമാകും. തിരക്ക് ഒഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് സമയമെഴുതിയ കൂപ്പണ്‍ നല്‍കും. റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തിലാണ് സാധനങ്ങളുടെ വിതരണം ക്രമീകരിക്കുക. കൂടാതെ ത്രിവേണി വഴി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഓരോ ഉപഭോക്താവിനും പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാന സാധനങ്ങളും വിലയും (ഒരു കിലോയ്ക്ക്): ജയ അരി -33 രൂപ, കുറുവ അരി- 33 രൂപ, മട്ട അരി- 33 രൂപ, പച്ചരി- 29 രൂപ, പഞ്ചസാര- 34.65 രൂപ, ഉഴുന്ന്- 87 രൂപ, ചെറുപയര്‍- 85 രൂപ, കടല- 63 രൂപ, തുവരപ്പരിപ്പ്- 83 രൂപ, വന്‍പയര്‍- 68 രൂപ, മുളക്- 136.50 രൂപ, മല്ലി (500 ഗ്രാം) – 47.25 രൂപ, വെളിച്ചെണ്ണ (500 മില്ലി)- 116 രൂപ.