പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിൽ നേതൃത്വമെന്ന് സി.പി എം കണ്ണൂർ ജില്ലാ കമ്മിറ്റി
കണ്ണൂർ :പാർട്ടി ഒരിക്കലും പ്രതീക്ഷിക്കാത്ത കനത്ത തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നിൽ നേതൃത്വമെന്ന് സി.പി എം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ അതിരൂക്ഷ വിമർശനം. തോൽക്കുമ്പോൾ ഭരണ വിരുദ്ധ തരംഗമില്ല, ജനവികാരം നമുക്കെതിരല്ല, വോട്ട് ശതമാനത്തിൽ കുറച്ച് വ്യത്യാസമേ ഉള്ളൂ എന്ന് വിശദികരിച്ചൊഴിയുന്നത് ശരിയല്ല. അണികൾ കടുത്ത നിരാശയിലാണെന്നും യോഗം വിലയിരുത്തി.തനിക്ക് പകരം ഭാര്യയെ സ്ഥാനാർത്ഥിയാക്കിയ എം. വി. ഗോവിന്ദൻ മാസ്റ്റർ പാർട്ടികോട്ടയായ തളിപ്പറമ്പ് മണ്ഡലത്തെ എതിരാളികൾക്ക് തളികയിൽ വെച്ചു നൽകിയെന്ന് ഒരംഗം വിമർശിച്ചു.പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി എം.വി.ഗോ വിന്ദന്റെയും ശൈലിക്കെതിരെ സി. പി.എം ജില്ലാ കമ്മിറ്റിയോഗത്തിൽ കടുത്ത വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വീ ട്ടിൽ പോയി ചോദിച്ചാൽ മതി എന്ന പിണറായിയുടെ പ്രയോഗം ജ നങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. പിണറായിയുടെ എടുത്തടിച്ചതുപോലെയുള്ള മറുപടി അഹങ്കാരമായി മാധ്യമങ്ങൾ ചിത്രീകരിച്ചു ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് സദസിൽ നിന്നും ഉയരുന്ന ചോദ്യങ്ങൾ എങ്ങനെ തൻമയത്വത്തോടെ കൈകാര്യം ചെയ്തുവെന്ന ചാനൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിലർ കുത്തിപ്പൊക്കിയത് തിരിച്ചടിയായി മാറി.
ജനമനസ് എതിരാണെന്ന് കുടുംബയോഗങ്ങളിലടക്കം മനസിലാക്കാനായില്ല.മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ടി.കെ.ഗോവിന്ദൻ 50 വർഷത്തെ ബന്ധം ഉപേക്ഷിച്ച് പാർട്ടി വിട്ടത് തിരിച്ചടിയായി.കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനെയും സംസ്ഥാന സെക്രട്ടറിയേ റ്റംഗം എം.വി.ജയരാജനെയും നേരിൽ കണ്ടതിന് ശേഷമാണ് ടി.കെ.ഗോവിന്ദൻ പാർട്ടി വിടാൻ തീരുമാനിച്ചത്. തളിപ്പറമ്പിലെ സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തി ഗോവിന്ദൻ ഇരുവരോടും വ്യക്തമാക്കിയിരുന്നു. പിണറായി തന്നെ വിളിച്ചിരുന്നുവെങ്കിൽ താൻ പാർട്ടി വിടില്ലെന്ന് ടി കെ ഗോവിന്ദൻ തന്നെ പറഞ്ഞിട്ടുണ്ട് കണ്ണൂർ ജില്ലയിലെ മുഴുവൻ കാര്യങ്ങളും മുഖ്യമന്ത്രിയെ അറിയിക്കുന്ന കെ കെ രാഗേഷ് എന്തുകൊണ്ട് ഇതിന് തയ്യാറായില്ലെന്നും യോഗത്തിൽ ചോദ്യമുയർന്നു.പോകുന്നവർ പോകട്ടെയെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. ആരോപണ വിധേയനെന്ന് ജനം സംശയിക്കുന്ന ടി ഐ മധുസൂദനനെ വാശിപ്പുറത്ത് വീണ്ടും മത്സരിപ്പിച്ചതാണ് 50 വർഷത്തിന് ശേഷം പയ്യന്നൂർ മണ്ഡലം നഷ്ടപ്പെടാൻ കാരണമമായി.പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ ഏരിയാ കമ്മിറ്റി അംഗങ്ങൾ വരെ രഹസ്യമായി പിൻ തുണച്ചു. ലോക്കൽ നേതാക്കളിൽ ചിലർ ഓപ്പൺ വോട്ടുകൾ വരെ മറിച്ചു.
കടന്നപ്പള്ളിയെ മൂന്നാമതും കണ്ണൂരിൽ സ്ഥാനാർത്ഥിയാക്കിയത് തിരിച്ചടിയായി.പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇപി ജയരാജൻ, കെ കെ ശൈലജ പി കെ ശ്രീമതി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ജയരാജൻ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, എ എൻ ഷംസീർ തുടങ്ങിയവരടക്കം യോഗത്തിൽ പങ്കെടുത്തു.