മറവിരോഗത്തിനെതിരെ പോരാട്ടം; കാര്‍ത്തി ഭാസ്കരന് ആദരം.
കണ്ണൂര്‍:മനസ്സില്‍ നിന്നും എല്ലാം മാഞ്ഞുപോകുന്ന അവസ്ഥ. ഉറ്റവര്‍, ബന്ധുക്കള്‍ മക്കള്‍ ഒടുവില്‍ അവര്‍ അവരെത്തന്നെയും അറിയാത്തവരായി മാറുന്നവര്‍. ഇവര്‍ക്കിടയിലെ സാന്ത്വനത്തിന്റെ പേരാണ് അലവില്‍ അലൈന്‍ ഗ്രീന്‍ ഹില്‍സിലെ കാര്‍ത്തി ഭാസ്കരന്.ഡിമെന്‍ഷ്യ രോഗ ബാധിതനായ ഭര്‍ത്താവിന്റെ പരിചരണവും ഈ രോഗം നേരിടുന്നവരുടെ പരിമിതികളുമെല്ലാം നേരിട്ടറിഞ്ഞാണ് ഇവര്‍ ഡിമന്‍ഷ്യ ബാധിതരുടെ പ്രശ്നങ്ങളില്‍ ഇടപെട്ട് തുടങ്ങുന്നത്. 1965 കാലഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്സായായിരുന്നു ജോലിയുടെ തുടക്കം. പിന്നീട് വിവാഹം കഴിഞ്ഞതിന് ശേഷം മദ്രാസിലും അവിടെ നിന്നും ജോലിപരമായി ആഫ്രിക്കയിലേക്കും കുടിയേറി. രണ്ടു പതിറ്റാണ്ട് ഇവിടെ ജീവിച്ചതിന് ശേഷം അമേരിക്കയിലെ ന്യൂജേഴ്സിയിലായിരുന്നു കര്‍മ്മരംഗം. ഭര്‍ത്താവ് ഡിമന്‍ഷ്യ രോഗബാധിതനായതോടെ നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. രോഗാവസ്ഥയെ തുടര്‍ന്ന് 2015 ല്‍ ഭര്‍ത്താവ് മരണപ്പെട്ടു. ഇതിന് ശേഷം ഇവര്‍ വിദേശത്തുള്ള മക്കളുടെ അടുത്തേക്ക് തിരിച്ചുപോകാതെ ഇവിടെ തന്നെ തുടരുകയായിരുന്നു. അന്ന് തുടങ്ങി ഡിമെന്‍ഷ്യ രോഗബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ ഡിമന്‍ഷ്യ കെയര്‍ സൊസൈറ്റി അങ്ങിനെയാണ് രൂൂപപ്പെടുന്നത്. ഇതിന്റെ ആദ്യത്തെ പ്രസിഡന്റ് എന്ന പദവിയും ഇവര്‍ക്ക് സ്വന്തമാണ്. പള്ളിയാമൂലയിലെ പ്രബോധ് പകല്‍ വീട് ഇന്ന് ഡിമന്‍ഷ്യ രോഗ ബാധിതര്‍ക്കും വയോജനങ്ങള്‍ക്കും വേണ്ടിയുള്ള സ്ഥാപനമാണ്. ഇതിന്റെ വൈസ് പ്രസിഡന്റ് കൂടിയായ രമേഷ് ബാബു സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെയും അഭ്യുദയകാംക്ഷികളുടെയും സഹായം കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ന് ഈ കൂട്ടായ്മ.ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ഈ വര്‍ഷത്തെ വയോജന മേഖലയിലെ മികവുറ്റ സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള ആദരവാണ് കാര്‍ത്തി ഭാസ്കരനെ തേടിയെത്തിയത്.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്തി ഭാസ്കരന് പൊന്നാടയണിയിക്കുകയും തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന് ഉപഹാരം നല്‍കുകയും ചെയ്തു.