തളിപ്പറമ്പ് ഫയർ സ്റ്റേഷൻ നിർമ്മാണം: രണ്ടാം ഘട്ടത്തിനായി 2.5 കോടി രൂപ അനുവദിച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ 2.5 കോടി രൂപയുടെ സാമ്പത്തിക അനുമതി നൽകിയതായി ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി ശ്രീ രമേഷ് ചെന്നിത്തല, തളിപ്പറമ്പ് എം.എൽ.എ ശ്രീ ടി.കെ. ഗോവിന്ദൻ മാസ്റ്ററെ അറിയിച്ചു.
ശ്രീ ടി.കെ. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എയായി ചുമതലയേറ്റ ശേഷം ബജറ്റിൽ തുക വകയിരുത്തുന്നതിനായി സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് ഈ പ്രവൃത്തിക്ക് തുടക്കത്തിൽ ടോക്കൺ ഫണ്ട് ഉൾപ്പെടുത്തിയത്. തുടർന്ന് എം.എൽ.എ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും ഭരണാനുമതി ഉറപ്പാക്കാനുള്ള തുടർനടപടികളുടെയും ഫലമായാണ് ഇപ്പോൾ രണ്ടര കോടി രൂപ പൂർണ്ണമായും അനുവദിച്ചിരിക്കുന്നത്.വാഹനങ്ങൾ നിർത്തിയിടാനുള്ള ഗ്യാരേജ്, ജീവനക്കാർക്കുള്ള റസ്റ്റ് റൂം, ക്ലാസ്സ് റൂം, സന്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള കൺട്രോൾ റൂം, വാച്ച് റൂം, വാട്ടർ ടാങ്ക് നിർമാണം, മെക്കാനിക്കൽ റൂം, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള സ്റ്റോർ റൂം, മെസ്സ് ഹാൾ നിർമാണം എന്നീ പ്രവൃത്തികൾക്കായാണ് രണ്ടാം ഘട്ടത്തിൽ ലഭിച്ച ഈ തുക വിനിയോഗിക്കുന്നത്.ഫണ്ട് ലഭ്യമാക്കാൻ കഴിഞ്ഞതോടെ ഫയർ സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന് എം.എൽ.എ ശ്രീ ടി.കെ. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.