രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ വാര്‍ഡാകാന്‍ ഒരുങ്ങി തൃശൂര്‍ കോര്‍പറേഷനിലെ ലാലൂര്‍
തൃശൂര്‍ : രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ വാര്‍ഡാകാന്‍ ഒരുങ്ങി തൃശൂര്‍ കോര്‍പറേഷനിലെ ലാലൂര്‍. വാര്‍ഡിലെ താമസക്കാരുടെ ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ആപ്പായ ഡിജി ലോക്കറിലേക്ക് അപ്ലോഡ് ചെയ്യുന്നതാണ് പദ്ധതി. ഇതോടെ വാര്‍ഡ് നിവാസികള്‍ ഡിജിറ്റലി ഡോക്യുമെന്റഡ് സിറ്റിസണ്‍ ആയി മാറും. രേഖകളില്‍ തെറ്റുണ്ടെങ്കില്‍ അവ തിരുത്തിയശേഷമാണ് അപ്ലോഡ് ചെയ്യുക. രേഖകൾ ഇല്ലാത്തവർക്ക് അവ എടുത്തുനൽകും. അപ് ലോഡ് ചെയ്തശേഷം അവയുടെ ഉപയോഗത്തിനായി ക്യൂ.ആര് കോഡും ഓരോരുത്തര്‍ക്കും നല്‍കും. കൂടാതെ ഒരു വീട്ടില്‍ ഒരാള്‍ക്ക് എങ്കിലും ഡിജിറ്റല്‍ പെയ്മെന്റ് ഇടപാടില്‍ പരിശീലനവും നല്‍കും. ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. അയ്യന്തോള്‍ അക്ഷയകേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ലാലൂര്‍ കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. ഷാജന്റെ മേൽനോട്ടത്തിൽ അയ്യന്തോള്‍ അക്ഷയയുടെ ഉടമസ്ഥനായ എ.ഡി. ജയനാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്.
സമ്പൂര്‍ണ ഡിജിറ്റല്‍ ഡോക്യുമെന്റഡ് ജനത വാര്‍ഡ് എന്ന ഈ പദ്ധതിയുടെ ലോഗോ പ്രകാശനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് തരകന്‍സ് സ്കൂളില്‍ നടക്കും. പിന്നണി ഗായകന് സന്നിദാനന്ദന്, ആര്‍ട്ടിസ്റ്റ് നന്ദന് പിള്ള, ഭൂഗര്‍ഭ ജല ബോര്‍ഡ് അംഗവും യു.എന്‍ അവാര്‍ഡ് ജേതാവുമായ വര്‍ഗീസ് തരകന് എന്നിവര്‍ പദ്ധതി അവബോധ പ്രചാരണത്തിന് തുടക്കം കുറിക്കും. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമ ശില്പി കൂടിയാണ് എ.ഡി. ജയന്. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ തയ്യൂര്‍ ഗ്രാമമാണ് 2003ല്‍ കമ്പ്യൂട്ടര്‍ സാക്ഷരത ഗ്രാമമായി മാറിയത്.