ഡി.വൈ.എഫ്.ഐ പോർക്ക് ഫെസ്റ്റ് വൻ വിജയം; വിറ്റത് 517 കിലോ ഇറച്ചി
കോതമംഗലം : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടമായവർക്ക് സ്നേഹവീടുകൾ നിർമിക്കാൻ പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നടത്തിയ ‘പോർക്ക് ചലഞ്ച്’ വൻ വിജയം. ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പൽ നോർത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ 517 കിലോ ഇറച്ചിയാണ് വിൽപന നടത്തിയത്. കിലോക്ക് 375 രൂപ നിരക്കിലായിരുന്നു വിൽപന. ചേലാട് മിനിപ്പടിയിൽ നടന്ന പോർക്ക് ചലഞ്ചിലെ ആദ്യവിൽപന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.ആർ. രഞ്ജിത്ത് നിർവഹിച്ചു. ജില്ല പ്രസിഡൻ്റ് അനീഷ് എം. മാത്യു, കെ.പി. ജയകുമാർ, ജിയോ പയസ് തുടങ്ങിയവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമുതൽ ഉച്ച രണ്ടുവരെ നടത്തിയ പരിപാടിയിൽനിന്ന് ലഭിച്ച തുക സ്നേഹവീടുകൾക്കായി കൈമാറും. വയനാടിന് കരുത്ത് പകരാൻ നിരവധി ചലഞ്ചുകൾ സംഘടിപ്പിച്ചു വരികയാണെന്നും അതിന്റെ ഭാഗമായാണ് പന്നിമാംസം കൂടുതലായി ഉപയോഗിക്കുന്ന പ്രദേശത്ത് ചലഞ്ച് സംഘടിപ്പിച്ചതെന്നും ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എൽദോസ് പോൾ പറഞ്ഞു.