വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു
തിരുവനന്തപുരം : വയറുവേദനയെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. കാട്ടാക്കട ഗിരീഷ്- മനീഷ ദമ്പതികളുടെ മകൻ ആദിത്യനാണ് എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. കുട്ടിക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയമുണ്ട്. എന്നാൽ, പോസ്റ്റ്മോർട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിളപ്പിൽശാലയിലെ ഒരു ഹോട്ടലിൽ നിന്ന് കുട്ടി പൊറോട്ടയും ബീഫും കഴിച്ചിരുന്നു. അസ്വസ്ഥതയെ തുടർന്ന് ശനിയാഴ്ച മണിയറവിള താലൂക്കാശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇവിടെ നിന്ന് മരുന്ന് നൽകി വിട്ടയച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. കാട്ടാക്കട കുളത്തുമ്മൽ എൽ.പി സ്കൂൾ വിദ്യാർഥിയാണ് മരിച്ച ആദിത്യൻ.