ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
പാലക്കാട് : ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് അപകടമുണ്ടായത്. ആലിക്കുളത്തിന് സമീപമാണ് അപകടം. പാലക്കാട്ടേക്ക് പോവുകയായിരുന്ന ഇ-ബുൾജെറ്റ് സഹോദരൻമാരുടെ കാർ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എബിനും ലിബിനും നിസാര പരിക്കേറ്റു. കൂട്ടിയിടിച്ച വാഹനത്തിലുണ്ടായിരുന്ന പ്രദേശവാസിക്കും പരിക്കുണ്ട്. ഇവരെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിൽ ഇബുൾ സഹോദരൻമാരെ കൂടാതെ മറ്റ് മൂന്ന് പേരും ഒരു കുട്ടിയുമുണ്ടായിരുന്നു. നേരത്തെ ഇ ബുൾജെറ്റിന്റെ വാഹനം രൂപമാറ്റം വരുത്തിയതിന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. ഒടുവിൽ നിയമപോരാട്ടത്തിനൊടുവിലാണ് ഇ-ബുൾജെറ്റ് സഹോദരൻമാർക്ക് വാഹനം തിരിച്ചുകിട്ടിയത്.