ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ
ന്യൂഡൽഹി : ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നിൽക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. രാവണന്റെ പിൻഗാമികൾ ആണ് ബിജെപി പ്രവർത്തകർ എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ ആരോപണം. ദില്ലിയിൽ നേർക്ക് നേരെയുള്ള പോരാട്ടം ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ്. പോസ്റ്റർ പോര്, എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രോളുകൾ തുടങ്ങിയവയും പ്രചരണ രംഗത്ത് സജീവമാണ്. കോൺഗ്രസിനായി രാഹുൽ ഗാന്ധി മാത്രമാണ് നിലവിൽ പ്രചാരണത്തിന് ഇറങ്ങിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുടെ സാന്നിധ്യവും പ്രചരണ രംഗത്ത് വേണമെന്ന ആവശ്യവും ദില്ലി കോൺഗ്രസിൽ ശക്തമാണ്. മോദി പ്രഭാവം തന്നെയാണ് ദില്ലിയിലും ബിജെപിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി കളത്തിൽ ഇറങ്ങുന്നതോടെ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണ രംഗം കൊഴുകും.
അതേസമയം, ബിജെപി സ്ഥാനാർത്ഥി പാർവേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി. പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും വാഹനങ്ങളിൽ ദില്ലിയിൽ കറങ്ങുന്നത് സുരക്ഷാ ആശങ്ക ഉണ്ടാക്കുന്നുവെന്നായിരുന്നു പർവേശ് വർമ്മയുടെ പരാമർശം. പഞ്ചാബി ജനങ്ങളുടെ ദേശാസ്നേഹത്തെ ബിജെപി ചോദ്യം ചെയ്യുകയാണ്. ഇത് ആശങ്കാജനകമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ പ്രതികരിച്ചു. ന്യൂഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പർമേശ് വർമയുടെ പഞ്ചാബി വിരുദ്ധ പരാമർശത്തിലാണ് കടുത്ത വിമർശനം ഉയരുന്നത്. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായുള്ള സുരക്ഷാ ആശങ്കകൾ പങ്കുവെയ്ക്കവെയാണ് പഞ്ചാബ് ജനതയെ ബിജെപി കടന്നാക്രമിച്ചത്. പഞ്ചാബ് രജിസ്ട്രേഷൻ നമ്പറുള്ള വാഹനങ്ങളിൽ പഞ്ചാബ് മുഖ്യമന്ത്രിയും മന്ത്രിമാരും ന്യൂഡൽഹി നിയോജക മണ്ഡലത്തിൽ കറങ്ങുകയാണെന്നും ഇത് സുരക്ഷാഭീഷണി ഉയർത്തുന്നതാണെന്നും പർവേശ് വർമ പറഞ്ഞു.