ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ടു.
കർണാടക: കുടക് ജില്ലയിലെ ഒരു ദുബാരെവന്യജീവി ക്യാമ്പിൽ രണ്ട് ആനകൾ തമ്മിൽ ഏറ്റുമുട്ടുന്നതിനിടയിൽപ്പെട്ട് വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ടു. ചെന്നൈ സ്വദേശിയായ 33 വയസ്സുകാരിയായ ജ്യുനേഷ് എന്ന യുവതിയാണ് മരിച്ചത്.ദുബാരെ ആന ക്യാമ്പിൽ ആനകളെ കുളിപ്പിക്കുന്നത് കാണാൻ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. ആനകളെ കുളിപ്പിക്കുന്നതിനിടയിൽ കഞ്ചൻ എന്ന് പേരുള്ള ആന മാർത്താണ്ഡ എന്ന മറ്റൊരു ആനയെ ആക്രമിക്കുകയായിരുന്നു. ആനകളെ നിയന്ത്രിക്കാൻ പാപ്പാന്മാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ആനകൾ തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടയിൽ, അവയിലൊന്നിന് നിയന്ത്രണം നഷ്ടപ്പെടുകയും യുവതിയുടെ മേലേക്ക് വീഴുകയുമായിരുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ മാർത്താണ്ഡ എന്ന ആന ജ്യുനേഷിനെ വീണ്ടും ചവിട്ടി മെതിച്ചു. യുവതിയുടെ മരണത്തിൽ കർണാടക വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി ഖണ്ഡ്രെ ആഴമായ ദുഃഖം രേഖപ്പെടുത്തി.