ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍
മഴക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് സന്ദര്‍ശിച്ചു. ചെങ്ങളായി മാപ്പിള എല്‍പി സ്കൂൾ, പയ്യന്നൂർ വയക്കരയിലെ നവജ്യോതി, കോഴിച്ചാൽ സെന്റ് അഗസ്റ്റിൻ എൽ.പി സ്കൂൾ എന്നീ ക്യാമ്പുകൾ സന്ദർശിച്ച ജില്ലാ കളക്ടർ ചെറുപുഴയിൽ കോഴികൾ കൂട്ടത്തോടെ ചത്ത സൂര്യ പി.ആർ എന്ന സംരംഭകയുടെ കോഴിഫാമും ജോസ്ഗിരിയിലെ ഉരുൾപൊട്ടൽ മേഖലയിലും എത്തി.ചെങ്ങളായിയിലെ ക്യാംപ് സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ക്യാംപ് നിവാസികളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് വീടുകളിലേക്ക് തിരികെ പോവുന്നതിന് മുമ്പ് വീടുകള്‍ ശാസ്ത്രീയമായി ശുചീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.ഇതിനാവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളും നല്കാന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സജ്ജരാണ്. ക്യാംപിലെ സൗകര്യങ്ങളും അവശ്യസാധനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി.അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി പി വിപിന, വൈസ് പ്രസിഡന്റ് കെ കെ രവി, തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.അതിനിടെ, മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നു. മഴയില്‍ കേടുപാടുകള്‍ സംഭവിച്ച പാലങ്ങളുടെ ബലക്ഷമത പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്കാന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്കി. കേടായ പാലത്തിലൂടെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിക്കുന്നത് തടയാന്‍ പോലിസും മറ്റ് ബന്ധപ്പെട്ടവരും നടപടിയെടുക്കണം. ഇവിടങ്ങളില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ അപകട സ്ഥലങ്ങളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്തണം. മഴക്കെടുതിയെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളിലുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടര്‍ യോഗത്തില്‍ വിലയിരുത്തി. സാധ്യമായ എല്ലാ സന്നാഹങ്ങളും ഇതിനായി ഉപയോഗിക്കണം.എഡിഎം പി.എന്‍ പുരുഷോത്തമന്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവരും ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലെ ക്യാംപുകള്‍ സന്ദര്‍ശിച്ചു