പറശ്ശിനിക്കടവിൽ വെള്ളക്കെട്ട് നഗരസഭാ സംഘം സന്ദർശനം നടത്തി
പറശ്ശിനി: കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായ പറശ്ശിനിക്കടവിൽ ആന്തൂർ നഗരസഭാ അധികൃതർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.നഗരസഭാ ചെയർപേഴ്സൺ വി. സതീദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചത്. മഴവെള്ളം കയറി പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംഘം നേരിട്ട് കണ്ടുമനസ്സിലാക്കി. ജനങ്ങളുടെ ദുരിതം പരിഹരിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കാൻ ചെയർപേഴ്സൺ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.വൈസ് ചെയർപേഴ്സൺ വിനോദ്കുമാർ പാച്ചേനി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന മുരളീധരൻ, വാർഡ് കൗൺസിലർ കെ. പ്രേമരാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.