യുറോ കപ്പ്; എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊമാനിയ യുക്രൈൻ സംഘത്തിനെ തോൽപ്പിച്ചു
യുറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ യുക്രൈന് ഞെട്ടിക്കുന്ന തോൽവി. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് റൊമാനിയ യുക്രൈൻ സംഘത്തിനെ തോൽപ്പിച്ചു. നിക്കോളാ സ്റ്റാൻസിയൂ, റസ്വാൻ മാരിൻ, ഡെനിസ് ഡ്രാഗസ് എന്നിവർ റൊമാനിയയ്ക്കായി വലചലിപ്പിച്ചു. മത്സരത്തിൽ കൂടുതൽ സമയം പന്ത് തട്ടിയിട്ടും ഒരിക്കൽപോലും യുക്രൈന് വലചലിപ്പിക്കാൻ കഴിഞ്ഞില്ല. മത്സരത്തിന്റെ തുടക്കം കണ്ടവരാരും റൊമാനിയയുടെ വിജയം പ്രവചിച്ചിരുന്നില്ല. ആദ്യ മിനിറ്റുകളിൽ യുക്രൈൻ താരങ്ങൾ പന്തടക്കത്തിൽ ആധിപത്യം സൃഷ്ടിച്ചു. മത്സരം 25 മിനിറ്റ് പിന്നിടുമ്പോൾ 80 ശതമാനവും യുക്രൈൻ താരങ്ങൾ പന്ത് തട്ടി. എന്നാൽ നാല് മിനിറ്റിൽ കഥ മാറി. 29-ാം മിനിറ്റിൽ യുക്രൈൻ ഗോൾപോസ്റ്റിന് പുറത്തായി റൊമാനിയയ്ക്ക് പന്ത് ലഭിച്ചു. ഡെന്നിസ് മന്നിന്റെ അസിസ്റ്റിൽ നിക്കോളാ സ്റ്റാൻസിയൂവിന്റെ വലംകാൽ പവർഹിറ്റ് യുക്രൈൻ ഗോൾകീപ്പർ ആൻഡ്രി ലുനിനെ മറികടന്ന് വലയിലെത്തി. ആദ്യ പകുതി യുക്രൈൻ 72 ശതമാനം ബോൾ പൊസിഷനിൽ അവസാനിപ്പിച്ചു. ഒരു ഗോളിന്റെ വ്യത്യാസമായിരുന്നു റൊമാനിയയുടെ മറുപടി.
രണ്ടാം പകുതി തുടങ്ങിയതും റൊമാനിയ അവരുടെ ഉഗ്രരൂപം പുറത്തെടുത്തു. അതിവേഗം രണ്ട് ഗോളുകൾ യുക്രൈൻ വലയിലെത്തി. 53-ാം മിനിറ്റിൽ റസ്വാൻ മാരിനും 57-ാം മിനിറ്റിൽ ഡെനിസ് ഡ്രാഗസുമാണ് ഗോൾ നേട്ടം സ്വന്തമാക്കിയത്. ആദ്യ രണ്ട് ഗോളിലും യുക്രൈൻ ഗോളി ആൻഡ്രി ലുനിന്റെ പിഴവും റൊമാനിയയ്ക്ക് ഗുണമായി. മൂന്ന് ഗോളിന് പിന്നിലായിട്ടും തിരിച്ചുവരവിന് യുക്രൈൻ ശ്രമം നടത്തി. പക്ഷേ റൊമാനിയയുടെ ശക്തമായ പ്രതിരോധം യുക്രൈന് ഒരു ആശ്വാസ ഗോൾ പോലും അനുവദിച്ചില്ല.