യൂറോ കപ്പ്; ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ, എതിരില്ലാത്ത ഒരു ഗോളിനാണ് സ്ലൊവാക്യൻ ജയം
യൂറോ കപ്പിൽ ബെൽജിയത്തെ അട്ടിമറിച്ച് സ്ലൊവാക്യ. എതിരില്ലാത്ത ഒരു ഗോളിനാണ് സ്ലൊവാക്യൻ ജയം. ഏഴാം മിനിറ്റിൽ ബെൽജിയം പ്രതിരോധ നിരയുടെ പിഴവിൽ നിന്ന് ഇവാൻ ഷ്രാൻസ് വലചലിപ്പിച്ചു. ലുക്കാക്കു രണ്ട് തവണ വലചലിപ്പിച്ചെങ്കിലും നിർഭാഗ്യം കൂടെയുണ്ടായിരുന്നു. ആദ്യ പകുതിയിൽ സ്ലൊവാക്യൻ ഗോൾപോസ്റ്റിലേക്ക് നിരവധി തവണ ബെൽജിയം താരങ്ങൾ പന്തുമായെത്തി. പക്ഷേ ആദ്യ പകുതിയിൽ വലചലിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇതോടെ സ്ലൊവാക്യ ഒരു ഗോളിന്റെ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറച്ചാണ് ബെൽജിയം കളത്തിലിറങ്ങിയത്. 57-ാം മിനിറ്റിൽ ലുക്കാക്കു വലചലിപ്പിച്ചെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. നാല് മിനിറ്റിനുള്ളിൽ ജൊഹാൻ ബകയോക്കോയുടെ ഷോട്ട് ഡേവിഡ് ഹാങ്കോ ഗോൾലൈനിൽ തടഞ്ഞു.
മത്സരം സ്ലൊവാക്യ വിജയിക്കുമെന്ന് തോന്നിയിടത്ത് വീണ്ടുമൊരിക്കൽ കൂടെ വലകുലുങ്ങി. 86-ാം മിനിറ്റിൽ ലുക്കാക്കു തന്നെയാണ് പന്ത് ഗോൾ പോസ്റ്റിലെത്തിച്ചത്. എന്നാൽ ഇത്തവണ ഹാൻഡ്ബോൾ വില്ലനായി. രണ്ടാം തവണയും ബെൽജിയത്തിന് ഗോൾ നിഷേധിക്കപ്പെട്ടു. ഏഴ് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിലും ബെൽജിയത്തിന് തിരിച്ചുവരാനായില്ല. ഇതോടെ യൂറോ കപ്പിന്റെ ചരിത്രത്തിലെ തന്നെ വലിയ അട്ടിമറി പിറന്നു. ഫിഫയുടെ 48-ാം റാങ്കിലുള്ള സ്ലൊവാക്യ മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തെ പരാജയപ്പെടുത്തി.