യൂറോ കപ്പ്; ക്രൊയേഷ്യയെ പരാജയപ്പെടുത്തി വിജയത്തോടെ തുടക്കം കുറിച്ച് സ്പെയിൻ
യൂറോ കപ്പിൽ വിജയത്തോടെ തുടക്കം കുറിച്ച് സ്പെയിൻ. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ടീം തങ്ങളുടെ കരുത്ത് തുറന്നു കാട്ടിയത്. തിരിച്ചടിക്കാനുള്ള ക്രൊയേഷ്യയുടെ എല്ലാ നീക്കങ്ങളെയും കൃത്യമായി പ്രതിരോധിച്ച സ്പാനിഷ് ഡിഫെൻസിനും, ഒരു പെനാൽറ്റി ഉൾപ്പെടെ തടഞ്ഞ ഉനൈ സിമോണിനുമാണ് മത്സര വിജയത്തിൽ കയ്യടികൾ നൽകേണ്ടത്. തുടക്കത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പതിയെ സ്പെയിൻ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്പാനിഷ് സംഘം നേടിയെടുത്തു. 29-ാം മിനിറ്റിൽ അൽവാരോ മൊറാട്ട, 32-ാം മിനിറ്റിൽ ഫാബിയൻ റൂയിസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഡാനി കാര്വജാൾ എന്നിവരാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്.