യൂറോ കപ്പ്; ഹങ്കറിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സ്വിറ്റ്സര്‍ലന്‍ഡിന് വിജയത്തുടക്കം
യൂറോ കപ്പിൽ ഹംഗറിക്കെതിരെ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. അവസാന മിനുട്ട് വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വിറ്റ്സർലൻഡിന്റെ ജയം. മത്സരത്തിൽ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും 93-ാം മിനിറ്റിലെ ബ്രീല്‍ എംബോളോയുടെ ഗോളാണ് സ്വിസ് സംഘത്തിന്റെ വിജയം ആധികാരികമാക്കിയത്. ആദ്യ പകുതിയിൽ തന്നെ മത്സരത്തിൽ വ്യക്തമായ മുൻതൂക്കം സൃഷ്ടിക്കാൻ സ്വിറ്റ്സർലൻഡിന് കഴിഞ്ഞിരുന്നു. സൂപ്പർ താരം ഷാക്കീരി ടീമിൽ ഇല്ലാത്തതിന്റെ കുറവുകൾ ഒന്നും തന്നെ പുതുമുഖ താരങ്ങൾ അറിയിച്ചില്ല.12-ാം മിനിറ്റിൽ ക്വാഡ്വോ ദുവാ ആണ് സ്വിറ്റ്സർലൻഡ് സംഘത്തിനായി ആദ്യ ഗോൾ നേടിയത്. മൈക്കൽ എബിഷറിന്റെ അസിസ്റ്റിലാണ് ഗോൾ പിറന്നത്. എന്നാൽ തിരിച്ചടിക്കാനുള്ള ഹംഗറിയുടെ ശ്രമങ്ങൾ ഒന്നും തന്നെ ലക്ഷ്യത്തിലെത്തിയില്ല.
വ്യക്തമായ ആധികാരികതയോടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് സ്വിറ്റ്സർലൻഡ് തങ്ങളുടെ രണ്ടാം ഗോളും വലയിലെത്തിച്ചു. മൈക്കൽ എബിഷനാണ് ഇത്തവണ ഗോൾവല കുലുക്കിയത്. എങ്ങനെയും മത്സരം തിരിച്ചുപിടിക്കും എന്ന വാശിയിലാണ് ഹംഗറി രണ്ടാം പകുതിയിൽ കളിച്ചു തുടങ്ങിയത്. 66-ാം മിനുട്ടിലാണ് ഹംഗറി കാത്തിരുന്ന ആ മറുപടി സ്വിസ് ടീമിന് നൽകിയത്. ഡൊമിനിക്ക് ആർക്കൈവ്സിന്റെ ക്രോസ് ഹെഡറിലൂടെ ബർണബാസ് വർഗയാണ് ലക്ഷ്യത്തിലെത്തിച്ചത്. ഇതോടെ മത്സരം കടുക്കുകയായിരുന്നു. തുടർന്ന് 93-ാം മിനിറ്റിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബ്രീല്‍ എംബോളോ സ്വിസ്സ് ടീമിന് വേണ്ടി മൂന്നാമത്തെ ഗോളും നേടുകയായിരുന്നു.