വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില; ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി
വീണ്ടും റെക്കോഡ് ഉയരം കുറിച്ച് സ്വര്‍ണ വില. ഇതാദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വിലയാകട്ടെ 7,375 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത. ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വര്‍ഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊല്യൂഷന് വിലയിരുത്തുന്നത്.