നവീന്‍ ബാബുവിന്റെ മരണം; സിപിഎം നേതാവ് പി.പി. ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
കണ്ണൂർ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 23ന് വിശദമായ വാദം കേട്ട ശേഷമാണ് ഹര്‍ജി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റിയത്. തലശേരി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ദിവ്യ ഹൈക്കോടതിയെ സമീപിച്ചേക്കും.
കണ്ണൂര്‍ കളക്ടേററ്റില്‍ ചേര്‍ന്ന നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് യോഗത്തില്‍ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ പി.പി. ദിവ്യ, അദ്ദേഹത്തിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. പെട്രോള്‍പമ്പിന് എതിര്‍പ്പില്ലാ രേഖ നല്കുന്നതില് നവീന്‍ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് കാര്യമായ തെളിവുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. കൈക്കൂലി നല്‍കിയെന്ന പറയുന്ന ആള് സമര്‍പ്പിച്ച രേഖകളില്‍ അവ്യക്തയും കണ്ടെത്തിയിരുന്നു.