ഇടവേളയെടുത്ത് കേരളത്തില്‍ സ്വര്‍ണ വില താഴേക്ക്; പവന് 1,400 രൂപ കുറഞ്ഞ് 95,960 രൂപയായി
ദിവസങ്ങളായുള്ള വില വര്‍ധനയ്ക്ക് ഇടവേളയെടുത്ത് കേരളത്തില്‍ സ്വര്‍ണ വില താഴേക്ക്. പവന് 1,400 രൂപ കുറഞ്ഞ് 95,960 രൂപയായി. ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,995 രൂപയിലാണ് വ്യാപാരം. ഒരാഴ്ചയ്ക്കിടെ 5,640 രൂപ വര്‍ധിച്ച് 97,360 രൂപ വരെയെത്തിയ ശേഷമാണ് സ്വര്‍ണ വിലയില്‍ ഇടിവ് വന്നത്. ഇന്നത്തെ വിലയില്‍ ഒരു പവന് സ്വര്‍ണം 10 ശതമാനം പണിക്കൂലിയില്‍ വാങ്ങാന്‍ 1,08,772 രൂപയോളം നല്‍കണം. 9,596 രൂപയാണ് പണിക്കൂലി. സ്വര്‍ണ വിലയോടൊപ്പം ഹാള്‍മാര്‍ക്കിങ് ചാര്‍ജായ 53 രൂപയും (45 രൂപ+ 18% ജിഎസ്ടി) മൂന്ന് ശതമാനം ജിഎസ്ടിയും അടങ്ങുന്നതാണ് സ്വര്‍ണാഭരണത്തിന്റെ വില.
രാജ്യാന്തര വില കുറഞ്ഞതാണ് സ്വര്‍ണ വില കുറയാന്‍ കാരണം. 4,378 ഡോളറിലെത്തി റെക്കോര്‍ഡിട്ട സ്വര്‍ണ വില രണ്ട് ശതമാനത്തോളം ഇടിഞ്ഞു. ഡോളര്‍ ശക്തമായതും ചൈനയ്ക്കെതി രെ പൂര്‍ണതോതിലുള്ള തീരുവ ചുമത്തുന്നത് സുസ്ഥിരമാകില്ലെന്ന ട്രംപിന്റെ പ്രസ്താവനയുമാണ് സ്വര്‍ണ വിലയെ താഴേക്ക് എത്തിച്ചത്. രാജ്യാന്തര സ്വര്‍ണ വില 4,250 ഡോളറിലാണ്. വ്യാഴാഴ്ചയാണ് രാജ്യാന്തര വില ആദ്യമായി 4,300 ഡോളര്‍ മറികടന്നത്. ഈ ആഴ്ച ഇതുവരെ 4.80 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ നേട്ടം.