സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു; ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായി
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 160 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ വില 66,480 രൂപയായാണ് ഉയർന്നത്. ഗ്രാമിന് 20 രൂപയുടെ വർധനയും ഉണ്ടായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8310 രൂപയായാണ് വർധിച്ചത്. അതേസമയം, അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഈ വർഷം പലിശനിരക്കുകളിൽ രണ്ട് തവണ കുറവ് വരുത്തുമെന്ന് യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അറിയിച്ചതിന് പിന്നാലെയാണ് സ്വർണവിലയിൽ വൻ നർധനയുണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 0.5 ശതമാനം ഉയർന്ന് 3,056.50 ഡോളറായി ഉയർന്നു. എന്നാൽ, സ്പോട്ട് ഗോൾഡിന്റെ വിലയിൽനേരിയ കുറവുണ്ടായി. റെക്കോഡ 3,055 ഡോളറിൽ നിന്നും 3048.7 ഡോളറിലേക്കാണ് സ്പോട്ട് ഗോൾഡിന്റെ വില ഇടിഞ്ഞത്. കഴിഞ്ഞ ദിവസം യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകൾ പ്രഖ്യാപിച്ചിരുന്നു. പലിശനിരക്ക് 4.25-4.5നും ഇടയിൽ നിലനിർത്തിയായിരുന്നു യു.എസ് കേന്ദ്രബാങ്കിന്റെ വായ്പനയം. ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ തീരുവ മൂലം വ്യാപാര യുദ്ധത്തിന്റേതായ സാഹചര്യമുണ്ടായിട്ടുണ്ട്. ഇത് മൂലം സുരക്ഷിതനിക്ഷേപമായ സ്വർണത്തിന്റെ ഡിമാൻഡ് വർധിക്കുകയാണ്. ഇതാണ് വില വർധനക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്.