കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ കിണറ്റിലെറിഞ്ഞ 11കാരിയെ ഗേൾസ് ഹോമിലേക്ക് മാറ്റി
കണ്ണൂർ : മാങ്കടവ് പാറക്കലിൽ തമിഴ്നാട് സ്വദേശികളുടെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ 11കാരിയെ തലശ്ശേരി ഗവ. ഗേൾസ് ഹോമിലേക്ക് മാറ്റി. ജുവനൈൽ ജസ്റ്റിസ് ബോർഡ് നിർദേശപ്രകാരം ജില്ല ശിശുക്ഷേമ സമിതിയുടേതാണ് തീരുമാനം. സ്നേഹക്കുറവ് കാരണം താനാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന് സമ്മതിച്ചതോടെയാണ് കുട്ടിയെ തലശ്ശേരിയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്. കുട്ടിയുടെ മാനസിക നില മുൻനിർത്തി കൗൺസലിങ് ആവശ്യമാണെന്നും ആരോഗ്യപരമായ സംരക്ഷണമാണ് ഇപ്പോൾ വേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ശിശുക്ഷേമ സമിതി മുമ്പാകെ വിട്ടത്. കുട്ടിക്ക് കൗൺസലിങ് നൽകിയശേഷമാണ് ഗേൾസ് ഹോമിലേക്ക് മാറ്റിയതെന്നും ഏതാനും ദിവസങ്ങൾ ഗേൾസ് ഹോമിൽ തുടരുമെന്നും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പറഞ്ഞു. കുട്ടി പഴയ അവസ്ഥയിലേക്ക് തിരിച്ചുവന്നശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ വീണ്ടും ഹാജരാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച രാത്രി 11.15ഓടെ യാണ് തമിഴ്നാട് പെരുമ്പല്ലൂർ സ്വദേശി മുത്തുവിന്റെയും അക്കമ്മലിന്റെയും മകൾ യാസികയെ പാറക്കലിൽ താമസസ്ഥലത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്.