ഗവർണറുടെ ഈ നീക്കം ഭരണഘടനാ കീഴ്വഴക്കങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും നഗ്നമായ ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം നേരിട്ടുവിളിച്ചുകൂട്ടി നിർദേശങ്ങൾ നൽകിയ നടപടി അത്യന്തം ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഗവർണറുടെ ഈ നീക്കം ഭരണഘടനാ കീഴ്വഴക്കങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും നഗ്നമായ ലംഘനമാണ്. സാധാരണയായി മന്ത്രിസഭയുടെ ഉപദേശനിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട ഗവർണർ, ഇവിടെ ഒരു സമാന്തര അധികാര കേന്ദ്രമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇത് ഭരണഘടനാവിരുദ്ധവും ഫെഡറൽ അധികാരങ്ങളുടെ ലംഘനവുമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഏത് അടിസ്ഥാനത്തിലാണ് ഗവർണർ ഭരണകാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നതെന്നും സാഹചര്യം അത്യന്തം ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ പ്രതികരിക്കാത്തതിനെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. പുതുതായി അധികാരത്തിൽ വന്ന സംസ്ഥാന സർക്കാർ സംഘപരിവാർ വിധേയത്വം വല്ലാതെ കാണിക്കുന്നു എന്ന തരത്തിൽ വലിയ രീതിയിലുള്ള പൊതുആക്ഷേപം ഉയർന്നു വന്നിട്ടുണ്ട്. ലഭിച്ച അവസരം ശരിയായ രീതിയിൽ ഉപയോഗിക്കാനാണ് ഗവർണറും തയ്യാറാകുന്നതെന്നും പിണറായി വിജയൻ പരഞ്ഞു. ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ അന്തസ്സാണ്. സംസ്ഥാനത്തിൻ്റെ അന്തസ് കാത്തു സംരക്ഷിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്ന് ഓർമിക്കണം. കേരളം അതീവ ഗൗരവത്തോടെ കാണേണ്ട കാര്യമാണിതെന്നും പിണറായി വിജയൻ വ്യക്തമാക്കി.ഈ മാസം 16നാണ് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താനായി ഗവർണർ പ്രത്യേക യോഗം വിളിച്ച് ചേർത്തത്. വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സർവകലാശാല വൈസ് ചാൻസലർമാരും നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന മേധാവിയും യോഗത്തിൽ പങ്കെടുത്തിരുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജുകളിലും സർവകലാശാലകളിലും പ്രത്യേക സർക്കുലർ പുറപ്പെടുവിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് ഗവർണർ നിർദേശവും നൽകിയിരുന്നു.