വി ഡി സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റ്
തിരുവനന്തപുരം: 2026 ജനുവരിയിൽ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് ഈ സർക്കാർ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോൾ സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് രേഖപ്പെടുത്തിയതെന്ന് ആമുഖമായി വ്യക്തമാക്കിയാണ് വിഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത് . കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ കൂടി ഉൾപ്പെടുത്തി കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖത്തിൽ കുറ്റപ്പെടുത്തുന്നു. നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കലും നടപ്പാക്കിയാൽ ഇതിലും വലിയ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും ബജറ്റ് ആമുഖത്തിൽ പറയുന്നു. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന ധവളപത്രത്തിലെ കണ്ടെത്തലുകളുടെയും പശ്ചിമേഷ്യൻ സംഘർഷം ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത ധനപ്രതിസന്ധിയുണ്ടെങ്കിലും ജനങ്ങൾക്ക് മേൽ അധിക ഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലെ നികുതി സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്.കടുത്ത സാമ്പത്തിക പരാധീനതകൾക്കിടയിലും ‘ഇന്ദിര ഗ്യാരണ്ടി’യിലെ രണ്ട് ഗ്യാരണ്ടികൾ സർക്കാർ നടപ്പിലാക്കി. കൂടാതെ ആശാവർക്കർമാർ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ വേതനവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഡീമോഗ്രാഫിക് ഡിവിഡന്റ് ആയ യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നിലവിൽ സംസ്ഥാനം കടന്നുപോകുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ യുവജനങ്ങൾക്ക് ആവശ്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും വയോജനങ്ങൾക്ക് കൃത്യമായ കൈത്താങ്ങാകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, വിവിധ മേഖലകളിൽ വൻകിട നിക്ഷേപങ്ങൾ ആകർഷിക്കുക, ഖജനാവിലേക്ക് പണം സമാഹരിക്കുക എന്നിവയിലൂടെ ആ സമ്പത്തിന്റെ നീതിപൂർവ്വകമായ വിതരണം ഉറപ്പാക്കുക എന്നതാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം. ഇതിനായി നിരവധി സ്വപ്ന പദ്ധതികളാണ് ബജറ്റിൽ വിഭാവനം ചെയ്യുന്നതെന്നും ബജറ്റ് ആമുഖത്തിൽ വ്യക്തമാക്കുന്നു.