സുപ്രീം കോടതി വിധിക്കെതിരേ നാളെ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ആദിവാസി-ദളിത് സംഘടനകള്‍
എസ്.സി, എസ്.ടി. പട്ടികയെ ജാതി അടിസ്ഥാനത്തില്‍ വിഭജിച്ച് ക്രിമീലെയര്‍ നടപ്പാക്കാനുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരേ നാളെ (21/8/24) സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ആദിവാസി-ദളിത് സംഘടനകള്‍. സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മിയും വിവിധ ദളിത്-ബഹുജന്‍ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കുമെന്ന് ഊരുകൂട്ട ഏകോപന സമിതി ചെയര്മാന് നോയല്‍ വി. സാമുവല്‍, ഗോത്രമഹാസഭ ജനറല്‍ സെക്രട്ടറി പി.ജി. ജനാര്ദ്ദനന്, മറ്റ് സംഘടനാ ഭാരവാഹികളായ പി.എ.ജോണി, കറുപ്പയ്യ മൂന്നാര്‍, പി.ആര്.സിജു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം.സി.എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിനു നേതൃത്വം നല്‍കുന്നത്. നിലവിലെ സാഹചര്യത്തില്‍ സമഗ്രമായ ജാതി സെന്‍സസ് ദേശീയതലത്തില്‍ നടത്തണമെന്നും വിദ്യാഭ്യാസ മേഖലയില്‍ അടിച്ചേല്‍പ്പിച്ച 2.5 ലക്ഷം രൂപ വാര്‍ഷിക വരുമാനപരിധി ഉള്‍പ്പെടെ എല്ലാത്തരം ക്രിമീലെയര്‍ നയങ്ങളും റദ്ദാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എറണാകുളം അധ്യാപക ഭവനില്‍ 24 ന് ഏകദിന ശില്പശാല നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
‘ഭരണഘടനയുടെ 341, 342 വകുപ്പുകള്‍ അനുസരിച്ച് പാര്‍ലമെന്റ് അംഗീകാരം നല്കുന്ന എസ്.സി., എസ്.ടി. പട്ടികയാണ് രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നത്. ഈ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍, മാറ്റങ്ങള്‍ എന്നിവ വരുത്താന്‍ പാര്‍ലമെന്റിനുമാത്രമേ അധികാരമുള്ളൂ. ചുരുക്കത്തില്‍, ഇന്ത്യന്‍ പാര്‍ലമെന്റിനും പ്രസിഡന്റിനും ഭരണഘടന നല്കിയ അധികാരം സുപ്രീം കോടതി റദ്ദാക്കുകയാണ് ചെയ്തത്. പട്ടികജാതി-വര്‍ഗക്കാര്‍ വൈവിധ്യമാര്‍ന്ന സ്വഭാവമുള്ളവരാണെന്നും അവര്‍ക്കിടയില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടെന്നും വിലയിരുത്തി ജാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളായി തരംതിരിക്കണമെന്നാണ് കോടതി വിധി’- നേതാക്കള്‍ വിശദീകരിച്ചു.