പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി
എറണാകുളം: പഠനാവശ്യത്തിനായി വിട്ടുനൽകിയ മൃതദേഹം മക്കളിൽ ചിലർ ആവശ്യപ്പെട്ടാൽ തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി. കൊച്ചി സ്വദേശികളായ സഹോദരങ്ങളുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി കൊച്ചി സ്വദേശിയായ മേരിയുടെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകിയിരുന്നു. എന്നാൽ മേരിയുടെ ഏഴ് മക്കളിൽ മൂന്ന് പേർ മൃതദേഹം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് നടപടി.
മരണശേഷം ശരീരം വിട്ടുനൽകണമെന്ന വ്യക്തിയുടെ താത്പര്യം നിഷേധിക്കാൻ മക്കൾക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ സമ്മതമില്ലാതെയാണ് അമ്മയുടെ മൃതദേഹം മറ്റ് സഹോദരങ്ങൾ ചേർന്ന് കളമശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിന് കൈമാറിയതെന്ന് ഹർജിക്കാർ ആരോപിച്ചു. എന്നാൽ, മരണശേഷം തന്റെ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനൽകാൻ മേരി സമ്മതിച്ചിരുന്നതായി എതിർകക്ഷികളായ മക്കൾ പറഞ്ഞു.