മകൾ വിവാഹിതയായാലും കന്യാസ്ത്രീയായാലും ഭൂമി മകനെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി
കൊച്ചി: മകൾ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാകുകയോ ചെയ്താൽ അവൾക്ക് നൽകിയ ഭൂമി മകന് ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ നിയമപരമായി നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി. ഈ വിചിത്ര വ്യവസ്ഥയുടെ മറവിൽ സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശിയുടെ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ഈശ്വരൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.കേസിന്റെ പശ്ചാത്തലം പരിശോധിച്ചാൽ, 1965-ൽ വൈക്കം സ്വദേശിയായ പിതാവ് തന്റെ മകൾക്ക് ധനനിശ്ചയ ആധാരപ്രകാരം 10 സെന്റ് സ്ഥലം നൽകിയിരുന്നു. എന്നാൽ മകൾ വിവാഹം കഴിക്കുകയോ കന്യാസ്ത്രീയാവുകയോ ചെയ്താൽ ഈ സ്വത്തിലുള്ള അവകാശം നഷ്ടപ്പെടുമെന്നും അത് സഹോദരന് ലഭിക്കുമെന്നുമായിരുന്നു ആധാരത്തിൽ ചേർത്തിരുന്ന നിബന്ധന. പിന്നീട് 1973-ൽ മകൾ വിവാഹിതയാവുകയും തുടർന്ന് വിദേശത്തേക്ക് പോവുകയും ചെയ്തു. 1983-ൽ പിതാവ് മരണപ്പെട്ടതോടെ ആധാരത്തിലെ ഈ വ്യവസ്ഥ ചൂണ്ടിക്കാട്ടി സഹോദരൻ പ്രസ്തുത 10 സെന്റ് ഭൂമി സ്വന്തം പേരിലേക്ക് പോക്കുവരവ് ചെയ്യുകയായിരുന്നു. ഇതിനെതിരെ സഹോദരി മുൻസിഫ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതിയെ സമീപിച്ച സഹോദരിക്ക് അനുകൂലമായി കോടതി വിധിക്കുകയും, ഈ വിധിക്കെതിരെ സഹോദരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയുമായിരുന്നു.കേസ് പരിഗണിച്ച ഹൈക്കോടതി, സ്വത്ത് കൈമാറ്റ നിയമപ്രകാരം (Property Transfer Act) നിയമം വിലക്കിയതും പൊതുനയത്തിന് എതിരായതുമായ ഇത്തരം വ്യവസ്ഥകൾ പൂർണ്ണമായും അസാധുവും നടപ്പിലാക്കാൻ കഴിയാത്തതുമാണെന്ന് നിരീക്ഷിച്ചു. മകൾ വിവാഹം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് മകന് തിരികെ ലഭിക്കുമെന്ന നിബന്ധനയ്ക്ക് നിയമസാധുതയില്ലെന്നും, ഈ കേസിൽ സ്വത്തിന്റെ പൂർണ്ണമായ കൈമാറ്റമാണ് നടന്നിട്ടുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ കരാർ നിയമപ്രകാരവും (Indian Contract Act) ഈ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥകൾ അസാധുവാണ്. പിതാവ് നൽകിയ 10 സെന്റ് ഭൂമിയിൽ സഹോദരിക്ക് മാത്രമാണ് പൂർണ്ണ അവകാശമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി സഹോദരന്റെ ഹർജി തള്ളിയത്.