സ്വാതന്ത്ര്യ ദിനം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുതിയൊരു ദേശഭക്തിഗാനം പുറത്തിറങ്ങി
കണ്ണൂർ : സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാൻ മണിക്കൂറുകൾ ബാക്കി നിൽക്കേ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ പുതിയൊരു ദേശഭക്തിഗാനം പുറത്തിറങ്ങി. ഡോക്ടർ സി വി രഞ്ജിത്ത് സംഗീത സംവിധാനവും സംവിധാനവും നിർവഹിച്ച ദേശഭക്തിഗാനമായ വന്ദേമാതരം എ ഫീൽ ഓഫ് പാട്രിയോട്ടിസം എന്ന ഗാനം കണ്ണൂർ ഡിഫൻസ് ഓഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു പ്രകാശനം ചെയ്തു.
ഇന്ത്യയിലെ 20 സംസ്ഥാനങ്ങളും 33 നഗരങ്ങളും ഉൾപ്പെടുന്ന 40 ലൊക്കേഷനുകളിലാണ് വന്ദേമാതരം ഗാനം ചിത്രീകരിച്ചത്. ഏറ്റവും കൂടുതൽ നഗരങ്ങളിൽ നിന്ന് ചിത്രീകരിക്കപ്പെട്ട ആദ്യത്തെ ദേശഭക്തിഗാനം എന്ന ലോക റെക്കോർഡ് കൂടി ഇതോടെ ഡോക്ടർ സി വി രഞ്ജിത്ത് സ്വന്തമാക്കിയിരി ക്കുകയാണ്. വേൾഡ് റെക്കോർഡ് യൂണിയനാണ് ഗാനമൊരുക്കിയ ഡോക്ടർ സി വി രഞ്ജിത്തിനെ റെക്കോർഡിനായി തിരഞ്ഞെടുത്തത്.ലോക റെക്കോർഡിന്റെ മെഡലും സർട്ടിഫിക്കറ്റും ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഡോക്ടർ സി വി രഞ്ജിത്തിന് കൈമാറി. വൈവിധ്യങ്ങളിലെ ഏകത്വം എന്ന ആശയവും ഇന്ത്യ എന്ന വികാരവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരമൊരു ഗാനം ഒരുക്കാനുള്ള പ്രചോദനം എന്ന് ഡോ സി വി രഞ്ജിത്ത് പറഞ്ഞു.ഡി എസ് സി കമാൻഡൻ്റ് പരംവീർ സിംഗ് നാഗ്ര, ക്യാപ്റ്റൻ സുശീൽ കുമാർ നേവൽ അക്കാഡമി, വേൾഡ് റെക്കോർഡ് യൂണിയൻ ഒഫീഷ്യൽ അജൂഡിക്കേറ്റർ ഷാഹുൽ ഹമീദ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ രവീന്ദ്രനാഥ്, മുൻ മിസ്റ്റർ പഞ്ചാബ് സർകർതാർ സിംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.